റോബിന്‍ അച്ചന് യാത്രയയപ്പു നല്‍കി ന്യൂസിലാന്‍ഡ് വിശ്വാസ സമൂഹം

റോബിന്‍ അച്ചന് യാത്രയയപ്പു നല്‍കി ന്യൂസിലാന്‍ഡ് വിശ്വാസ സമൂഹം

പാമര്‍സ്റ്റ്ണ്‍ നോര്‍ത്ത്: ന്യൂസിലാന്‍ഡില്‍ ഏഴു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയ ഫാ. റോബിന്‍ കോയിക്കാട്ടില്‍ പുതിയ ചുമതലയില്‍ പ്രവേശിക്കുകയാണ്.

പാലാ കോയിക്കാട്ടില്‍ കുടുംബാംഗമായ ഫാ. റോബിന്‍ 2014 ജൂണില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനില്‍ നിന്നും കൈവെപ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചു കൊണ്ടാണ് റോസ്മേനിയന്‍ സന്യാസ സമൂഹത്തില്‍ തന്റെ സഭാത്മക ജീവിതം ആരംഭിച്ചത്.

ഒരു വര്‍ഷം മുംബൈ കല്യാണ്‍ രൂപത കത്തീഡ്രല്‍ ദേവാലയത്തിന്റെ സഹവികാരിയായി സേവനം അനുഷ്ഠിച്ച ശേഷം 2015 ഒക്ടോബറിലാണ് ന്യൂസിലാന്‍ഡിലേയ്ക്ക് ശുശ്രൂഷ ചെയ്യാന്‍ വരുന്നത്. 2015 മുതല്‍ 2021 വരെ പാല്‍മെര്‍സ്റ്റണ്‍ നോര്‍ത്ത് രൂപതയുടെ കീഴില്‍ സെന്റ് മേരീസ് ദേവാലയത്തിന്റെയും ഫീല്‍ഡിങ് സെന്റ് ബ്രിജിഡ് ദേവാലയത്തിന്റെയും സഹ വികാരി സ്ഥാനം നിര്‍വഹിക്കുകയും 2022 ല്‍ പ്രസ്തുത ദേവാലയങ്ങളുടെ വികാരിയായും തന്റെ ദൗത്യം തുടരുകയായിരുന്നു.

ആത്മീയ ചൈതന്യത്തില്‍ ശക്തിപ്പെട്ടും വിശ്വാസ ബോധ്യങ്ങളില്‍ ആഴപ്പെട്ടും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും സമഗ്രമായ നവീകരണം ലക്ഷ്യമാക്കികൊണ്ട് 2017 ല്‍ ഫാ. റോബിന്‍ പാല്‍മെര്‍സ്റ്റണ്‍ നോര്‍ത്തില്‍ റോസ്മേനിയന്‍ അല്‍മായ സഭാ സമൂഹത്തിന് രൂപം നല്‍കുകയും അതിന്റെ സുപ്പീരിയര്‍ എന്ന നിലയില്‍ ഒരു കൂട്ടായ്മ സമൂഹത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

തന്നില്‍ അര്‍പ്പിതമായിരിക്കുന്ന നിയോഗ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ പ്രദേശത്തെ സീറോ മലബാര്‍ സഭാ വിശ്വാസികളെ ഒരു കൂട്ടായ്മയായി ചേര്‍ത്ത് നിര്‍ത്തുകയും സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഹേസ്റ്റിംഗ്‌സ് സീറോ മലബാര്‍ സഭാ സമൂഹമായ സെന്റ് മേരീസ് മിഷന്റെ ആത്മീയ നേതൃത്വ സ്ഥാനവും വളരെ മനോഹരമായി അച്ചന്‍ നിര്‍വഹിച്ചു. യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവേമെന്റ് (SMYM) , കുട്ടികളുടെ മതബോധന വിദ്യാഭ്യാസം തുടങ്ങി തന്റെ സേവന മേഖലയില്‍ കടന്നു വന്ന ഓരോ പ്രവര്‍ത്തനത്തിലും വ്യക്തികളിലും വചനത്താല്‍ നവീകരിക്കപ്പെട്ട് രൂപാന്തരപ്പെടുവാനുള്ള ഒരു ദൈവിക അവസരമായി സൃഷ്ടിച്ചെടുക്കുന്നതില്‍ അച്ചന്റെ സേവനം വളരെ അധികം സഹായിച്ചു.

റോസ്മേനിയന്‍ സന്യാസ സമൂഹത്തിന്റെ റോമില്‍ സ്ഥിതി ചെയ്യുന്ന ഇന്റ്റര്‍നാഷണല്‍ ഫോര്‍മേഷന്‍ ഹൗസിന്റെ റെക്ടര്‍ എന്ന ചുമതല നിര്‍വഹിക്കുവാന്‍ തന്നില്‍ അര്‍പ്പിതമായിരിക്കുന്ന അടുത്ത ദൗത്യത്തില്‍ ഫാ. റോബിന് എല്ലാ വിധ പ്രാര്‍ത്ഥനാശംസകള്‍ നേരുന്നതിനൊപ്പം ഈ സ്ഥാനത്തേക്ക് നിയോഗിതനാകുന്ന ആദ്യത്തെ മലയാളി വൈദീകന്‍ എന്ന നിലയില്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്നതായി വിശ്വാസികള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.