മാസ്‌ക്, സാമൂഹിക അകലം, വാക്‌സിന്‍; യുഎയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രികർക്ക് കോവിഡ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് എയര്‍ ഇന്ത്യ

മാസ്‌ക്, സാമൂഹിക അകലം, വാക്‌സിന്‍; യുഎയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രികർക്ക് കോവിഡ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് എയര്‍ ഇന്ത്യ

ദുബായ്: ക്രിസ്തുമസ്- ന്യൂ ഇയര്‍ അവധിയുടെ ഭാഗമായി നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയുടെ തിരക്കിലാണ് ഒട്ടുമിക്ക പ്രവാസികളും. ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ.

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശം. മാസ്‌കും സാമൂഹിക അകലവും തന്നെയാണ് എയര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. ഇത് രണ്ടും നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും ഇതാണ് അഭികാമ്യമെന്ന് നിര്‍ദേശിക്കുന്നുണ്ട്. യാത്രാ സമയത്ത് ഇത്തരം പരിശോധനകളും എയര്‍ ഇന്ത്യ നടത്തും.

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്. വാക്‌സിന്‍ ഏതുമാകാം. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കണമെന്നില്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാസമയത്ത് കരുതണം.

യാത്രക്കാര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ആരോഗ്യാവസ്ഥ സ്വയം നിരീക്ഷിക്കുണം. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങി കോവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് പ്രാഥമികമായി സ്വയം വിലയിരുത്തണം.

ഇതില്‍ ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും ഉണ്ടെങ്കില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ കേന്ദ്ര സര്‍ക്കാരിന്റെ ടോള്‍ ഫ്രീ നമ്പരായ 1075 എന്ന നമ്പറിലോ വിളിച്ച് വിവരം അറിയിക്കണം.

എയര്‍ സുവിധ രജിസ്‌ട്രേഷനെ കുറിച്ച് എയര്‍ ഇന്ത്യ പ്രത്യേക നിര്‍ദേശം നല്‍കുന്നില്ല. അതിനാല്‍ യുഎയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിലവില്‍ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ചൈനയും തായ്‌ലന്‍ഡും അടക്കം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ വേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.