കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്

കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷാജിക്ക് അടുത്ത ദിവസം നോട്ടീസ് നല്‍കും. കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിന് കെ എം ഷാജി എം എല്‍ എ ഇരുപത്തി അഞ്ച് ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ ഇതിനു മുൻപ് ഷാജിയെ ചോദ്യം ചെയ്തിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമര്‍പ്പിച്ച രേഖകളിൽ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് ദിവസങ്ങളിലായി ഇരുപത്തിയഞ്ച് മണിക്കൂറിലധികമാണ് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ഷാജിയെ ചോദ്യം ചെയ്‌തത്. ഷാജിയുടെ ഭാര്യ കെ എം ആശ സമര്‍പ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലെ വൈരുദ്ധ്യവും ഇ ഡി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷാജി വീണ്ടും എന്‍ഫോഴ്സ്‌മെന്റ് ഡയറ‌ക്‌ടറേറ്റിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്.

ഭൂമിയിടപാട്, വീട് നിര്‍മ്മാണത്തിന് ചെലവഴിച്ച പണം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.