സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടില്‍ നിന്ന് കോടികളുടെ മോഷണം; പ്രതി അറസ്റ്റില്‍, ഒറ്റ ദിവസം കൊണ്ട് കുറ്റം തെളിയിച്ചു

സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടില്‍ നിന്ന് കോടികളുടെ മോഷണം; പ്രതി അറസ്റ്റില്‍, ഒറ്റ ദിവസം കൊണ്ട് കുറ്റം തെളിയിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീട്ടില്‍ നിന്ന് കോടികള്‍ വിലയുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. അഭിഭാഷകന്റെ മുന്‍ ജീവനക്കാരനായ ഷൊയ്ബ് (27) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് രണ്ട് കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

സൗത്ത് ഡല്‍ഹിയിലെ കിംഗ്‌സ് കോര്‍ട്ടിലാണ് അഭിഭാഷകന്റെ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 23 ന് അഭിഭാഷകന്‍ കുടുംബത്തോടൊപ്പം തായ്ലാന്റില്‍ പോയപ്പോഴാണ് മോഷണം നടന്നത്. ഫ്‌ളാറ്റില്‍ നിന്ന് വിലകൂടിയ വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍, പണം എന്നിവ ഷൊയ്ബ് മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

അതീവ സുരക്ഷ സംവിധാനമുള്ള കിങ്‌സ് കോര്‍ട്ട് സൊസൈറ്റിയില്‍ പ്രതി കവര്‍ച്ച നടത്തിയത് എങ്ങനെയെന്ന് പൊലീസ് അമ്പരന്നിരുന്നു. ഒരു ലക്ഷം രൂപയാണ് പ്രതിമാസം സെക്യൂരിറ്റി ചാര്‍ജായി അവിടെയുള്ളവര്‍ സൊസൈറ്റിയില്‍ അടയ്ക്കുന്നത്.

കിങ്‌സ് കോര്‍ട്ടിലെ സിസിടിവി കാമറകളില്‍ നിന്ന് പ്രതി മതില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രതി അഭിഭാഷകന്റെ അഞ്ചാം നിലയിലെ ഫ്‌ളാറ്റിലെത്താന്‍ വെന്റിലേറ്റര്‍ ഷാഫ്റ്റ് ഉപയോഗിച്ചു. ഫ്‌ളാറ്റിലെ ഗ്ലാസ് തകര്‍ത്താണ് പ്രതി അകത്ത് കടന്നത്. ഏഴുമണിക്കൂറോളം പ്രതി അവിടെ ചെലവഴിച്ചു. ലോക്കര്‍ തകര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

അഭിഭാഷകന്റെ ബന്ധു ഹര്‍ജീത് സിങിന്റെ കെയര്‍ടേക്കറാണ് ഫ്‌ളാറ്റില്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് ഹര്‍ജീത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഭിഭാഷകന്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമേ മറ്റ് മോഷണം പോയ സാധനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയുവെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.