അസ്താന: ഇറാനിൽ ഹിജാബ് വിരുദ്ധപ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്ത് രാജ്യാന്തര ചെസ് താരം സാറ ഖാദെം. കസഖ്സ്ഥാനിൽ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ സാറ ശിരോവസ്ത്രം ധരിക്കാതെ മത്സരിക്കുന്ന ചിത്രം ഇറാനിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചതിന് ശേഷം ഹിജാബ് ധരിക്കാതെ മത്സരങ്ങളിൽ പങ്കെടുക്കുന്ന നിരവധി ഇറാനിയൻ കായിക വനിതകളിൽ ഏറ്റവും പുതിയതാണ് സാറയുടെ നീക്കം. എന്നാൽ സാറ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ സാറ ഖാദെം ഇതുവരെ ടൂർണമെന്റുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോ ചിത്രങ്ങളോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല.
രാജ്യാന്തര തലത്തിൽ 804 റാങ്ക് ആണ് സാറയ്ക്കുള്ളത്. ഇറാൻ മതഭരണകൂടത്തിന്റെ കർശനമായ വസ്ത്രധാരണ നിയന്ത്രണങ്ങളെ കാറ്റിൽപറത്തിയാണ് സാറ ഖാദെം കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്.
ഇറാനിയൻ വാർത്താ ഏജൻസികളായ ഖബർവർസെഷിയും എറ്റെമാഡുമാണ് വിഷയം റിപ്പോർട്ട് ചെയ്തത്. ടൂർണമെന്റിനിടെ ശിരോവസ്ത്രം ധരിക്കാതെയുള്ള സാറയുടെ ദൃശ്യങ്ങളാണ് രണ്ട് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചത്. ശിരോവസ്ത്രം ധരിച്ച ഒരു ഫോട്ടോയും ഖബർവർസേഷി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇത് അതേ ടൂർണമെന്റിനിടെ എടുത്തതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ മതപോലീസിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളുടെ ഭാഗമായി നിരവധി കായികതാരങ്ങളാണ് ഇതിനോടകം ഹിജാബ് ധരിക്കാതെ മത്സരങ്ങൾക്കെത്തിയത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കുറ്റത്തിനാണ് സെപ്റ്റംബറിൽ മഹ്സ അമിനിയെന്ന 22 കാരിയെ മതപോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്.
അതിന് പിന്നാലെ ഇറാനിലെ സ്ത്രീകൾ തുടങ്ങിവച്ച പ്രക്ഷോഭം ഇന്ന് ആ ജനതയൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്ന പ്രമുഖരടക്കമുള്ള ഇറാൻ പൗരൻമാരെ ഭരണകൂടം തടവിലാക്കുന്നതിനിടെയാണ് സാറാ ഖാദെമിൻ്റെ ഹിജാബ് ധരിക്കാതെയുള്ള കരുനീക്കം.
അതിനിടെ, രാജ്യാന്തര ഫുട്ബോൾ താരം അലി ദേയിയുടെ (53) ഭാര്യയും മകളും രാജ്യം വിടുന്നത് ഇറാൻ തടഞ്ഞു. പ്രക്ഷോഭത്തെ പിന്തുണച്ച വ്യക്തിയാണ് അലി ദേയി. ദുബായിൽ തന്നോടൊപ്പം ചേരാൻ ടെഹ്റാനിൽ നിന്ന് ഇവർ കയറിയ വിമാനം ഇറാന്റെ ഭാഗമായ കിഷ് ദ്വീപിലിറക്കുകയും ഇരുവരെയും വിമാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി അലി ദേയി പറഞ്ഞു.
പ്രക്ഷോഭകരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാനിൽ പറഞ്ഞു. മുൻപും കായികതാരങ്ങളാണ് പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചത്.
ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടന്ന കായികമേളയിൽ ക്ലൈംബിങ് വിഭാഗത്തിൽ എൽനാസ് റെഖാബി ശിരോവസ്ത്രം ധരിക്കാതെ പങ്കെടുത്തിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അബദ്ധവശാന്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് അവർ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.
നവംബറില്‍ ടെഹ്‌റാനിലെ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ഒരു അമ്പെയ്ത്ത് താരം ഹിജാബ് ധരിക്കാതെ എത്തിയിരുന്നു. എന്നാല്‍ ചടങ്ങിനിടെ ഹിജാബ് താഴെ വീഴുന്നത് ശ്രദ്ധിച്ചില്ലെന്നായിരുന്നു അവരുടെ ന്യായീകരണം. ഏതായാലും പരിപാടിയുടെ വീഡിയോ ഹിജാബ് വിരുദ്ധപ്രക്ഷോഭകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നിരവധി കായിക ടീമുകള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ട് നിന്നിരുന്നു. ലോകകപ്പ് ഫുട്ബോളിൽ ഖത്തറുമായുള്ള ഉദ്ഘാടന മത്സരത്തില്‍ ഇറാന്‍ ടീം ദേശീയഗാനം ആലപിക്കാതെ രാജ്യത്തെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.
1979 ല്‍ നടന്ന വിപ്ലവത്തിന് ശേഷം ഇറാന്‍ ഭരണകൂടത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇറാന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള സ്ത്രീകള്‍ പ്രതിഷേധവുമായി മുന്നോട്ട് വരുന്നുണ്ട്. ഹിജാബ് ഒഴിവാക്കിയും കത്തിച്ചുമാണ് പലരും പ്രതിഷേധിക്കുന്നത്.
ഭരണകൂട വിരുദ്ധര്‍ക്കെതിരെ കടുത്ത നടപടികളാണ് അധികാരികള്‍ കൈക്കൊള്ളുന്നത്. പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്തുകയാണ് അവര്‍. ഇറാനില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച വരെ പ്രായപൂര്‍ത്തിയാകാത്ത 69 പേരുള്‍പ്പടെ 507 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി (HRANA) വ്യക്തമാക്കുന്നു. സുരക്ഷാസേനയിലെ 66 അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.