അമേരിക്കയിൽ 2022 ൽ മാത്രം 6,000 ത്തിലധികം കുട്ടികൾക്ക് വെടിയേറ്റു; ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുമായി ഗൺ വയലൻസ് ആർക്കൈവ്

അമേരിക്കയിൽ 2022 ൽ മാത്രം 6,000 ത്തിലധികം കുട്ടികൾക്ക് വെടിയേറ്റു; ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുമായി ഗൺ വയലൻസ് ആർക്കൈവ്

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ വർഷം മാത്രം 6,000 ത്തിലധികം കുട്ടികൾക്ക് വെടിയേറ്റ് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്ന് റിപ്പോർട്ട്. ഈ റിപ്പോർട്ട് വെടിവെപ്പ് സംഭവങ്ങൾ ട്രാക്ക് ചെയ്യുന്ന ലാഭേച്ഛയില്ലാത്ത 'ഗൺ വയലൻസ് ആർക്കൈവ്' എന്ന സ്ഥാപനത്തിന്റെ ഒമ്പത് വർഷത്തെ കണക്കുകളിൽ വെച്ച് റെക്കോർഡ് സംഖ്യയാണ്.

വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കയിൽ 17 വയസോ അതിൽ താഴെയോ പ്രായമുള്ള 6,023 കുട്ടികൾ വെടിവെപ്പിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി ഗൺ വയലൻസ് ആർക്കൈവ് വിശദീകരിച്ചു. ഏജൻസിയുടെ കണ്ടെത്തൽ പ്രകാരം 2021 ൽ 5,708 കുട്ടികൾക്കാണ് വെടിവെപ്പിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തത്.

ഗൺ വയലൻസ് ആർക്കൈവ് 2014 മുതലാണ് വെടിവെപ്പുമായി ബന്ധപ്പെട്ട കണക്കുകൾ സൂക്ഷിക്കാൻ ആരംഭിച്ചത്. അതിനുശേഷം ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ കുട്ടികൾ വെടിയേറ്റ് മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തത് 2022 ൽ ആണെന്ന് ഗൺ വയലൻസ് ആർക്കൈവ് വ്യക്തമാക്കുന്നു.

ഈ വർഷം മാത്രം 11 വയസോ അതിൽ താഴെയോ പ്രായമുള്ള ഏകദേശം 306 കുട്ടികളെങ്കിലും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വെബ്‌സൈറ്റിൽ കാണിക്കുന്നു. മെയ് 24 ന് ടെക്സസിലെ ഉവാൾഡിലെ റോബ് എലിമെന്ററി സ്കൂളിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കൊല്ലപ്പെട്ട 19 വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ഈ കണക്ക്.

കൂടാതെ 12 നും 17 നും ഇടയിൽ പ്രായമുള്ള 1,323 കുട്ടികൾ വെടിവെപ്പിൽ മരിച്ചതായും വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗൺ വയലൻസ് ആർക്കൈവ് വെടിവയ്പ്പ് രേഖപ്പെടുത്താൻ ആരംഭിച്ച 2014 ൽ 17 വയസോ അതിൽ താഴെയോ പ്രായമുള്ള 2,859 കുട്ടികൾ വെടിയേറ്റ് കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരുന്നു.

മിസൗറിയിലെ കൻസാസ് സിറ്റിയിൽ ക്രിസ്തുമസ് രാത്രിയിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീതിപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വന്നത്. അതേസമയം മൂന്നുവയസുകാരിക്ക് അബദ്ധത്തിൽ വെടിയേറ്റതാണെന്ന് പോലീസ് സംശയിക്കുന്നതായി കൻസാസ് സിറ്റി എബിസി അഫിലിയേറ്റ് കെഎംബിസി റിപ്പോർട്ട് ചെയ്തു.

ഈ വർഷം വെടിയേറ്റ് കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 5 മാസം പ്രായമുള്ള സിസിലിയ തോമസ് ആണ്. ജൂൺ 24 ന് ഡ്രൈവ്-ബൈ ഷൂട്ടിംഗിനിടെ ചിക്കാഗോയിൽ കാറിൽ ആയിരിക്കുമ്പോൾ കുഞ്ഞിന്റെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.