സഖ്യത്തില്‍ നിന്നും രാജിവച്ച എംഎല്‍എമാര്‍ ഏഴായി; ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി

സഖ്യത്തില്‍ നിന്നും രാജിവച്ച എംഎല്‍എമാര്‍ ഏഴായി; ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി

അഗര്‍ത്തല: എംഎല്‍എമാരുടെ രാജി തുടരുന്നതിനിടെ ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ദിബചന്ദ്ര ഹ്രാങ്കാവാലാണ് ബുധനാഴ്ച നിയമസഭാംഗത്വം രാജിവച്ചത്. വടക്കു-കിഴക്കന്‍ സംസ്ഥാനത്തെ ഭരണസഖ്യത്തില്‍ നിന്നും ഈ വര്‍ഷം രാജിവച്ച ഏഴാമത്തെ നിയമസഭാംഗമാണ് ദിബചന്ദ്ര ഹ്രാങ്കാവാല്‍.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ധലായ് ജില്ലയിലെ കരംചെറയിലെ വനവാസി എംഎല്‍എയാണ് ദിബചന്ദ്ര ഹ്രാങ്കാവാല്‍. അടുത്ത വര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എയുടെ നാടകീയമായ രാജി.

സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തിയെ നേരിട്ട് കാണാനാകാത്തതിനാല്‍, നിയമസഭ സെക്രട്ടറിക്കാണ് ദിബചന്ദ്ര ഹ്രാങ്കാവാല്‍ രാജിക്കത്ത് കൈമാറിയത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ദിബചന്ദ്ര ഹ്രാങ്കാവാല്‍ 2018ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്ക് മാറിയിരുന്നത്.

ബി.ജെ.പിയില്‍ നിന്നും ഈ വര്‍ഷം ആദ്യം എം.എല്‍.എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയ നേതാവ് ആശിഷ് കുമാര്‍ സാഹയും ഹ്രാങ്കാവാലിനൊപ്പം രാജിക്കത്ത് സമര്‍പ്പിക്കാന്‍ നിയമസഭയില്‍ എത്തിയിരുന്നു.

അതേസമയം, ഹ്രാങ്കാവല്‍ ഏറെ നാളായി രോഗബാധിതനാണെന്നും അദ്ദേഹത്തിന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നും ബിജെപി വക്താവ് സുബ്രത ചക്രവര്‍ത്തി പിടിഐയോട് പറഞ്ഞു. ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രതീക്ഷയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹയെ കൂടാതെ, നിയമസഭാംഗങ്ങളായ സുദീപ് റോയ് ബര്‍മന്‍, ബര്‍ബോ മോഹന്‍ ത്രിപുര എന്നിവരും ഈ വര്‍ഷം ആദ്യം രാജിവച്ചിരുന്നു. സുര്‍മ മണ്ഡലത്തിലെ എംഎല്‍എ ആശിഷ് ദാസിനെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അയോഗ്യനാക്കി. റോയ് ബര്‍മാനും സാഹയും രാജിവെച്ച് ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പിന്നീട് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ റോയ് ബര്‍മാന്‍ വിജയിച്ചെങ്കിലും സാഹ, മുഖ്യമന്ത്രി മണിക് സാഹയോട് പരാജയപ്പെട്ടു. ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നുവെങ്കിലും പിന്നീട് ആ പാര്‍ട്ടിയും വിട്ടു. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ദാസ്.

ബര്‍ബോ മോഹന്‍ ത്രിപുര പ്രാദേശിക പാര്‍ട്ടിയായ ടിപ്ര മോതയില്‍ ചേര്‍ന്നു. ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഘടകകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടേയും(ഐപിഎഫ്ടി) മൂന്ന് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ധനഞ്ജയ് ത്രിപുര, ബ്രിഷകേതു ദേബ്ബര്‍മ, മേവര്‍ കുമാര്‍ ജമാതിയ എന്നിവരാണ് രാജി വച്ച നേതാക്കള്‍.

ധനഞ്ജോയ് ത്രിപുരയുടെയും മേവര്‍ കുമാര്‍ ജമാതിയയുടെയും രാജി സ്പീക്കര്‍ അംഗീകരിച്ചെങ്കിലും 'നടപടിക്രമത്തിലെ പിഴവ്' കാരണം ബൃഷകേതുവിനെ അയോഗ്യനാക്കുകയായിരുന്നു. മൂന്ന് നേതാക്കളും തിപ്ര മൊതയില്‍ ചേര്‍ന്നു.

60 അംഗ നിയമസഭയില്‍ ബിജെപിക്ക് 34 എംഎല്‍എമാരാണുള്ളത്. സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് അഞ്ച് എംഎല്‍എമാരാണുള്ളത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഒരു എംഎല്‍എയും സിപിഐഎമ്മിന് 15 എംഎല്‍എമാരുമാണുള്ളത്. അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.