അൽഷിമേഴ്സ് കണ്ടെത്താൻ രക്ത പരിശോധന; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകർ

അൽഷിമേഴ്സ് കണ്ടെത്താൻ രക്ത പരിശോധന; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകർ

ടോക്കിയോ: അൽഷിമേഴ്സ് രോഗത്തെ കണ്ടെത്താൻ രക്ത പരിശോധനയുമായി ജപ്പാനിലെ ഗവേഷകർ. അൽഷിമേഴ്സിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായ തലച്ചോറിലെ അമിലോയിഡ് ബീറ്റയുടെ അളവ് മനസിലാക്കുന്നതിനായി ജപ്പാനിലെ സിസ്‌മെക്‌സ് കോർപ്പറേഷൻ കമ്പനി കണ്ടുപിടിച്ച രക്തപരിശോധനയ്ക്ക് ജപ്പാനിൽ റെഗുലേറ്ററി അംഗീകാരം നൽകി.

ജാപ്പനീസ് മരുന്ന് നിർമ്മാതാക്കളായ ഈസായ്കോയുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഗവേഷകർ കിറ്റ് വികസിപ്പിച്ചെടുത്തത്. ഇതോടെ ചെലവേറിയ മസ്തിഷ്ക സ്കാനോ അല്ലെങ്കിൽ സെറിബ്രോസ്പൈനൽ ദ്രാവകത്തിന്റെ (CSF) സാമ്പിൾ നട്ടെല്ലിൽ നിന്നും കുത്തി എടുക്കുന്ന വേദനാജനകമായ ലംബാർ പങ്ക്ചറോ ഇല്ലാതെ കേവലം ഒരു കിറ്റ് ഉപയോഗിച്ച് ഒരു ചെറിയ അളവ് രക്തത്തിലൂടെ തലച്ചോറിലെ അമിലോയ്ഡ് ബീറ്റയുടെ അളവ് മനസ്സിലാക്കാൻ സാധിക്കും.

ഇത് നേരത്തെയുള്ള രോഗ നിർണ്ണയത്തിനും ചികിത്സക്കും സഹായകരമാകും. മെഡിക്കൽ ഉപകരണങ്ങളുടെയും ക്ലിനിക്കൽ ടെസ്റ്റുകളുടെയും നിർമ്മാതാക്കളായ സിസ്‌മെക്‌സ്, ടെസ്റ്റ് കിറ്റ് എത്രയും പെട്ടെന്ന് വിപണിയിൽ എത്തിക്കാനായി തയ്യാറെടുക്കുകയാണ്.

അൽഷിമേഴ്സ് ടെസ്റ്റ് കിറ്റിന് ഡിസംബർ 19 ന് റെഗുലേറ്റർമാരുടെ അംഗീകാരം കിട്ടിയതായി സിസ്മെക്സ് കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള അൽഷിമേഴ്സിനെ നേരിടുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റം ആയാണ് ഈ ടെസ്റ്റ് കിറ്റിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്.

നിലവിലെ രക്തപരിശോധനകൾക്ക് അമിലോയിഡ്, ടൗ പ്രോട്ടീനുകൾ എന്നിവയിലെ അസാധാരണതകൾ കൃത്യമായി കണ്ടെത്താനാകുമെങ്കിലും തലച്ചോറിന് മാത്രമുള്ള നാഡീകോശത്തിൽ പ്രത്യേകമായുണ്ടാകുന്ന നാശത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഇതേ തുടർന്നാണ് അമേരിക്കയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിലെ പ്രൊഫ. തോമസ് കരിക്കാരിയും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അൽഷിമേഴ്‌സ് രോഗത്തിന് കാരണമായ ബ്രെയിൻ ഡിറൈവ്ഡ് ടൗ എന്ന് വിളിക്കപ്പെടുന്ന ടൗ പ്രോട്ടീനിന്റെ ഒരു പ്രത്യേക രൂപത്തെ കണ്ടെത്തുന്ന ആന്റിബോഡി അടിസ്ഥാനമാക്കിയുള്ള രക്തപരിശോധന വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

അൽഷിമേഴ്‌സിന്റെ വിവിധ ഘട്ടങ്ങളിലുള്ള 600 രോഗികളിൽ അവർ രക്തപരിശോധന കിറ്റ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പ്രോട്ടീന്റെ അളവ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡിലെ ടൗവിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അങ്ങനെ മറ്റ് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളിൽ നിന്ന് അൽഷിമേഴ്‌സിനെ വിശ്വസനീയമായ രീതിയിൽ വേർതിരിച്ചറിയാൻ കഴിയുമെന്നും കണ്ടെത്തി.

അൽഷിമേഴ്‌സ് ബാധിച്ച് മരിച്ചവരിൽ നിന്നുള്ള മസ്തിഷ്‌ക കോശങ്ങളിലെ അമിലോയിഡ് ഫലകങ്ങളുടെയും ടൗ ടങ്കിളുകളുടെയും തീവ്രതയുമായി ഈ കണ്ടെത്തിയ പ്രോട്ടീന്റെ അളവ് വളരെ അടുത്താണ്. ബ്രെയിൻ ജേണലിലാണ് ഇത് സംബന്ധമായ ഗവേഷണത്തിന്റെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

വ്യത്യസ്‌ത വർഗീയ, വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും, ഓർമ നഷ്‌ടപെടുന്നതിന്റെ വിവിധ ഘട്ടങ്ങൾ അല്ലെങ്കിൽ മറ്റ് ഡിമെൻഷ്യ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവരും ഉൾപ്പെടെ വിശാലമായ രോഗികളിൽ പരിശോധന നടത്തുകയാണ് അടുത്ത ഘട്ടം.

''അൽഷിമേഴ്സ് രോഗനിർണ്ണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മസ്തിഷ്കത്തിൽ അമിലോയ്ഡ് ബീറ്റ അടിഞ്ഞുകൂടുന്നത് കൂടുതൽ വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയുന്നതിനുള്ള ഒരു സാങ്കേതികവിദ്യ സിസ്മെക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ പരമ്പരാഗത പരിശോധനാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഈ കിറ്റ് രക്തം ഉപയോഗിച്ച് പരിശോധന നടത്തുന്നു" എന്ന് കമ്പനി വ്യക്തമാക്കി.

ബ്രെയിൻ ഇമേജിങ്, ലംബാർ പങ്ക്ചർ എന്നിവയുടെ ആവശ്യമില്ലാതെ രക്തപരിശോധനയിലൂടെ അൽഷൈമേഴ്സ് രോഗം ഈ ടെസ്റ്റ് കിറ്റിലൂടെ നിർണ്ണയിക്കാൻ സാധിക്കും. നിലവിലെ ഈ രണ്ട് രീതികൾ ചെലവേറിയതും കടുത്ത വേദനയുള്ളതുമാണ്. അമേരിക്കയിൽ ധാരാളം രോഗികൾ ഉണ്ടെങ്കിലും എംആർഐ, പിഇടി സ്കാനറുകൾ ലഭ്യമല്ലെന്നും പ്രവേശനക്ഷമത ഒരു പ്രധാന പ്രശ്നമാണെന്നും പഠനത്തിൽ ഏർപ്പെട്ട പ്രൊഫ. തോമസ് കരിക്കാരി പറയുന്നു.

വിശ്വസനീയമായ ഈ രക്തപരിശോധനയുടെ കണ്ടുപിടുത്തം ഒരു പ്രധാന ചുവടുവെപ്പായിരിക്കും. രക്തപരിശോധന വിലകുറഞ്ഞതും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. കൂടാതെ അൽഷിമേഴ്‌സ് രോഗനിർണ്ണയത്തിലും ക്ലിനിക്കൽ ട്രയലിന് പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിലും രോഗ നിരീക്ഷണത്തിനും ഈ ഒരു സുപ്രധാന പരിശോധന ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്നും കരിക്കാരി വ്യക്താക്കുന്നു.

മാത്രമല്ല രക്തത്തിലെ മസ്തിഷ്‌കത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ടൗവിന്റെ അളവ് നിരീക്ഷിക്കുന്നത് അൽഷിമേഴ്‌സ് ചികിത്സകൾക്കായുള്ള ക്ലിനിക്കൽ ട്രയലുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്തുമെന്നും കരിക്കാരി പ്രതീക്ഷിക്കുന്നു.

ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്സ്. എന്നാൽ രോഗ നിർണ്ണയം വെല്ലുവിളിയായി തുടരുകയായിരുന്നു. പ്രത്യേകിച്ചും ആദ്യ ഘട്ടങ്ങളിൽ. ഭാവിയിൽ, അൽഷിമേഴ്സിനും മറ്റെല്ലാ ഡിമെൻഷ്യയ്‌ക്കുമുള്ള ഡയഗ്നോസ്റ്റിക് പ്രക്രിയയിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ കിറ്റ് കാരണമാകും എന്ന് കമ്പനിയുടെ അവകാശവാദം.

ജാപ്പനീസ് മരുന്ന് കമ്പനിയായ ഐസായിയും അതിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് പങ്കാളിയായ ബയോജനും ചേർന്ന് അൽഷിമേഴ്സ് രോഗത്തിന് പുതുതായൊരു മരുന്ന് കണ്ടെത്തിയിരുന്നു.ലെകനെമാബി മരുന്ന് 18 മാസക്കാലയളവിൽ അൽഷിമേഴ്സ് രോഗികളിൽ 27 ശതമാനം കുറവു വരുത്തിയതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ മരുന്ന് അടുത്ത വർഷം അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ പൂർണ്ണ അംഗീകാരം നേടാൻ തയ്യാറെടുക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.