മോക്ക് ഡ്രില്ലിനിടെ പുഴയില്‍ മുങ്ങി യുവാവ് മരിച്ചു

മോക്ക് ഡ്രില്ലിനിടെ പുഴയില്‍ മുങ്ങി യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ വെള്ളത്തില്‍ വീണ യുവാവ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമന്‍ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെയാണ് അന്ത്യം.

വെള്ളത്തില്‍ വീണവരെ രക്ഷപ്പെടുത്താന്‍ സംസ്ഥാനവ്യാപകമായി ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടയിലായിരുന്നു ബിനു അപകടത്തില്‍പ്പെട്ടത്. അരമണിക്കൂറിനു ശേഷമാണ് ബിനുവിനെ വെള്ളത്തില്‍നിന്നു പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ തന്നെ ബിനുവിന്റെ മരണം സംഭവിച്ചിരുന്നെന്നും ചികിത്സ കണ്ണില്‍പ്പൊടിയിടാനായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ സഹകരിച്ച മോക്ഡ്രില്ലിനിടെയായിരുന്നു അപകടം.
നീന്തലറിയാവുന്നവരെ മോക്ഡ്രില്ലിലേക്ക് ക്ഷണിച്ചത് തഹസീല്‍ദാരാണ്. നാലു പേര്‍ വെള്ളത്തിലിറങ്ങിയതില്‍ ബിനു മുങ്ങിപ്പോകുകയായിരുന്നു.

എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ലെന്ന് ഒപ്പം ഇറങ്ങിയവര്‍ ആരോപിച്ചു. ആംബുലന്‍സില്‍ ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.