ഗര്‍ഭിണിയായിരിക്കെ ഫിഫ വോളന്റിയര്‍; പ്രസവ ശേഷം മൂന്ന് ദിവസം മാത്രം അവധി: മലയാളി യുവതിക്ക് ഫിഫയുടെ സമ്മാനം, ലോകത്തിന്റെ അഭിനന്ദനം

ഗര്‍ഭിണിയായിരിക്കെ ഫിഫ വോളന്റിയര്‍; പ്രസവ ശേഷം മൂന്ന് ദിവസം മാത്രം അവധി: മലയാളി യുവതിക്ക് ഫിഫയുടെ സമ്മാനം, ലോകത്തിന്റെ അഭിനന്ദനം

ദോഹ: ഗര്‍ഭിണിയായിരിക്കെ ഫിഫയുടെ വോളന്റിയറായി പ്രവര്‍ത്തിക്കുകയും എട്ടാം മാസത്തിലെ പ്രസവത്തിന് ശേഷം മൂന്ന് ദിവസം മാത്രം അവധിയെടുത്ത് ജോലി പൂര്‍ത്തിയാക്കുകയും ചെയ്ത മലയാളി യുവതിയ്ക്ക് അഭിനന്ദന പ്രവാഹം. ഖത്തര്‍ ലോകകപ്പില്‍ വോളന്റിയര്‍ സേവനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആലുവ സ്വദേശിനി ടാനിയയ്ക്ക് അടുത്ത വര്‍ഷം ന്യൂസിലാന്റില്‍ വെച്ച് നടക്കുന്ന ഫിഫ വനിതാ ലോകകപ്പ് കാണാന്‍ അവസരമൊരുക്കുമെന്നാണ് ഫിഫയുടെ വാഗ്ദാനം.

ഏഴു മാസം ഗര്‍ഭിണിയായിരിക്കെയാണ് ഫിഫ വോളന്റിയറായി ജോലി ചെയ്യാനുള്ള അവസരം മലയാളിയായ ടാനിയ റിയാസിനെ തേടിയെത്തുന്നത്. വെല്ലുവിളികള്‍ നിറഞ്ഞതെങ്കിലും ധൈര്യപൂര്‍വ്വം ജോലി ഏറ്റെടുക്കുകയായിരുന്നു. യു ടവര്‍ ലുസൈലില്‍ ഫിഫ വിപ്പ് ഗസ്റ്റ് ഓപ്പറേഷന്‍സ് ഡ്യൂട്ടിയിലായിരുന്നു ടാനിയ നിയോഗിക്കപ്പെട്ടത്. കുടുംബത്തിന്റെ സ്‌നേഹപൂര്‍വമായ പിന്തുണയും കരുതലും ഊര്‍ജമായി. പ്രതിബന്ധങ്ങള്‍ ഏറെ നിറഞ്ഞ ജോലിയിലും സഹപ്രവര്‍ത്തകര്‍ ടാനിയയുടെ കൂടെ നിന്നു.

ഏന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഡ്യൂട്ടിക്കിടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം അപ്രതീക്ഷിതമായി ആശുപത്രിയില്‍ അഡ്മിറ്റാവുകയും എട്ടാം മാസം കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ആശുപത്രിയില്‍ എന്‍.ഐ.സി.യു യൂണിറ്റില്‍ കിടക്കവേ വീണ്ടും പ്രവര്‍ത്തന മേഖലയിലേക്ക് ടാനിയ തിരിച്ചെത്തിയത് ഫിഫയെ പോലും അമ്പരിപ്പിക്കുകയായിരുന്നു. ഏവരെയും അമ്പരപ്പിച്ച് ആശുപത്രിക്കിടക്കയില്‍ നിന്നും ഫിഫ വോളന്റീര്‍ എന്ന സ്വപ്നത്തിലേക്ക് വീണ്ടും എത്തിച്ചേര്‍ന്നത് ഡോക്ടര്‍മാരുടെയും കുടുംബത്തിന്റെയും വലിയ പിന്തുണകെൂടിയാണെന്ന് ടാനിയ പറയുന്നു.

ഫിഫ മാനേജ്മെന്റും ഖത്തര്‍ കമ്മിറ്റിയും ടാനിയയുടെ സമര്‍പ്പണത്തെ അഭിനന്ദിച്ചു. ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ ലീഗല്‍ ബ്രാന്‍ഡ് പ്രൊട്ടക്ഷന്‍ വോളന്റിയറായി ജോലി ചെയ്ത മുഹമ്മദ് റിയാസ് ആണ് ടാനിയയുടെ ഭര്‍ത്താവ്. ഇഷിക സൈനബ് റിയാസും ഇന്‍ഷിറ മറിയം റിയാസും മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.