കോട്ടയം: മൂന്നാംതവണയും വ്യത്യസ്ത മാപ്പുകളിറക്കി സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ വനവല്‍ക്കരണ ഗൂഢാലോചനയും കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യവുമാണെന്ന് വ്യക്തമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍.
സുപ്രീംകോടതി 2022 ജൂണ്‍ 3ലെ വിധിന്യായത്തിലൊരിടത്തും റവന്യൂ ഭൂമിയില്‍ ബഫര്‍സോണ്‍ വേണമെന്ന് പറഞ്ഞിട്ടില്ല. വിധിക്കടിസ്ഥാനമായ രാജസ്ഥാനിലെ ജാമുരാംഗര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമായി ഉപജീവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ 500 മീറ്ററായി ചുരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ ബഫര്‍സോണ്‍ പൂജ്യമായി നിജപ്പെടുത്തുന്ന സാധ്യതകള്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധിയിലൂടെ ബഫര്‍സോണ്‍ യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അതില്‍ നിന്ന് ഇളവ് ലഭിക്കാന്‍ ജനവാസമേഖലകളും നിര്‍മ്മാണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള രേഖാമൂലമുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാനം സി.ഇ.സി.വഴി കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.
ഉപഗ്രഹ സര്‍വ്വേയെക്കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശം വനത്തിനുള്ളിലെ ഫിസിക്കല്‍ സര്‍വ്വേയുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണെന്നും വ്യക്തമാണ്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ മിക്കവയും വനത്തിനുള്ളിലായിരിക്കുമ്പോള്‍ വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുന്നതില്‍ യാതൊരു തടസ്സവും അപാകതയുമില്ല. ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കുള്ളില്‍ കേരളത്തിലൊരിടത്തും നിര്‍മ്മാണങ്ങളോ ജനവാസമോ കെട്ടിടങ്ങളോ ഇല്ലാത്തതുകൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രക്രിയകള്‍ പോലും അടിസ്ഥാനമില്ലാത്തതാണ്. വനാതിര്‍ത്തി വിട്ടുള്ള ബഫര്‍സോണ്‍ അംഗീകരിക്കാനാവില്ലെന്നിരിക്കെ നിര്‍ദ്ദിഷ്ഠമാപ്പിലെ നിര്‍മ്മാണങ്ങള്‍ മാത്രമല്ല ജനങ്ങളുടെ ജീവനോപാധികള്‍, സാമ്പത്തികരംഗം, കൃഷികള്‍ തുടങ്ങിയവയുള്‍ക്കൊള്ളുന്ന സാമൂഹ്യ ആഘാതപഠനമാണ് നടത്തേണ്ടത്. സുപ്രീംകോടതി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കര്‍ഷകഭൂമി കൈയേറി ജനദ്രോഹനടപടികളിലേയ്ക്ക് വനംവകുപ്പ് കടക്കുമ്പോള്‍ സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന പ്രദേശവാസികള്‍ വൈകാരികമായി പ്രതികരിക്കും. ചിലപ്പോള്‍ നിയമംപോലും കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമചിത്തതയോടെ ബഫര്‍സോണ്‍ വിഷയത്തെ സമീപിക്കാതെ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രതിഷേധ പ്രതികരണങ്ങള്‍ നേരിടേണ്ടിവരുമെന്നും വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പില്‍ നിന്നും, വിദഗ്ധസമിതിയില്‍ നിന്നും പ്രദേശവാസികള്‍ക്ക് നീതി കിട്ടില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.