അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്‍ മോഡിയുടെ മൃതദേഹം സംസ്‌കരിച്ചു. അമ്മയുടെ ഭൗതിക ദേഹം നരേന്ദ്ര മോഡിയും സഹോദങ്ങളും ബന്ധുമിത്രാദികളും ചേര്‍ന്നാണ് സംസ്‌കരിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഹീരാബെന്നിന്റെ അന്ത്യം.
ആശുപത്രിയില്‍ നിന്നും റയ്സാന്‍ വസതിയിലേയ്ക്കാണ് ഭൗതിക ദേഹം എത്തിച്ചത്. അമ്മയുടെ ഭൗതിക ദേഹം തോളിലേറ്റിയാണ് നരേന്ദ്ര മോഡി ബന്ധുക്കള്‍ക്കൊപ്പം ശ്മശാന ഭൂമിയിലേക്ക് നടന്നത്. സഹോദരന്‍ സോമഭായ് മോഡിയും നരേന്ദ്ര മോഡിക്കൊപ്പം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞയുടന്‍ ഡല്‍ഹിയിലായിരുന്ന പ്രധാനമന്ത്രി ഗുജറാത്തിലേക്ക് പുറപ്പെട്ടിരുന്നു. ഗാന്ധിനഗറിന് സമീപമുള്ള റെയ്‌സാനിലെ വസതിയിലെത്തിയ മോഡി അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
നൂറ്റാണ്ട് തികഞ്ഞ ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്നും, മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുമെന്ന് ഹീരാബെന്നിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ജൂണില്‍ നൂറു വയസ് തികഞ്ഞ അമ്മ ഹീരാബെന്നിന്റെ കാലുകള്‍ കഴുകി പൂജകള്‍ ചെയ്താണ് നരേന്ദ്ര മോഡി ജന്മശതാബ്ദി ആഘോഷമാക്കിയത്. ഒരിക്കലും സ്വന്തം വീട് വിട്ട് മാറി നില്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ നരേന്ദ്ര മോഡി ഏറെ സ്നേഹത്തോടെ നിര്‍ബന്ധിച്ചാണ് ഒരിക്കല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിച്ച് രണ്ടു ദിവസം കൂടെ നിര്‍ത്തിയത്.
അമ്മയുടെ ദേഹവിയോഗത്തിനിടയിലും ഇന്ന് ഔദ്യോഗികമായി തീരൂമാനിച്ചിരിക്കുന്ന ഒരു പരിപാടികളും മാറ്റമില്ലാതെ നടക്കുമെന്നും പ്രധാനമന്ത്രി വെര്‍ച്വല്‍ സംവിധാനത്തിലൂടെ പങ്കെടുക്കുമെന്നും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
നൂറാമത്തെ ജന്മദിനം ആഘോഷിക്കുന്ന സമയത്ത് എന്നും തന്റെ ജോലിയോട് കാണിക്കേണ്ട സമ്പൂര്‍ണമായ സമര്‍പ്പണത്തെ അമ്മ ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും നരേന്ദ്ര മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.