ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഗുലാം നബി ചര്‍ച്ചകള്‍ നടത്തി വരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് ഗുലാം നബി കോണ്‍ഗ്രസുമായുള്ള അര നൂറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ബന്ധം ഉപേക്ഷിച്ചത്. പിന്നീട് ഒക്ടോബറില്‍ ജമ്മു കാശ്മീര്‍ കേന്ദ്രീകരിച്ച് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനവും രൂപവല്‍കരിച്ചിരുന്നു. എന്നാല്‍ ആസാദിന്റെ പാര്‍ട്ടി അത്രകണ്ട് ക്ലച്ചു പിടിച്ചില്ല.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് അടുത്തിടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനത്തോടാണ് തനിക്ക് എതിര്‍പ്പെന്നും വ്യക്തമാക്കിയിരുന്നു.
പ്രസ്താവനയ്ക്ക് പിന്നാലെ ഭാരത് ജോഡോ യാത്രയുടെ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും ക്ഷണിച്ചു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ ഗുലാം നബി ആസാദ് ഊര്‍ജിതമാക്കിയത്.
ജി 23യിലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരുമായി ഗുലാംനബി സംസാരിക്കുകയും തിരിച്ചുവരവിനുള്ള വഴികള്‍ ആലോചിക്കുകയും ചെയ്തുവെന്നാണ് എന്‍എന്‍ഐ റിപ്പോര്‍ട്ട്. ഈ രണ്ടു നേതാക്കളെയും കോണ്‍ഗ്രസ് അടുത്തിടെ സുപ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ചിരുന്നു.
ഇതിനിടെ ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ചില നേതാക്കള്‍ അടുത്തിടെ ആസാദ് ക്യാമ്പും വിട്ടിരുന്നു. ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിലെത്തുമ്പോള്‍ ഈ നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. എന്നാലും ആസാദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനോട് ഗാന്ധി കുടുംബത്തിന് എതിര്‍പ്പില്ലെന്നാണ് വിവരം.
അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദര്‍ സിങ് ഹൂഡ, അംബികാ സോണി എന്നിവരെയാണ് ഗുലാം നബിയുമായി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ അംബികാ സോണിക്ക് ആസാദുമായി അടുത്ത രാഷ്ട്രീയ ബന്ധമുണ്ട്.
രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ അദേഹം ആദ്യം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കട്ടെ ശേഷം പാര്‍ട്ടിയിലേക്ക് തിരികെയെത്താം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചെങ്കിലും ലുലാം നബി ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.