പുതുവര്‍ഷാഘോഷം: സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി; ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കും

പുതുവര്‍ഷാഘോഷം: സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി; ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കും

കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം മുഴുവൻ. ഇന്ന് രാത്രിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. കേരളത്തിൽ കൊച്ചിയിലെ കാർണിവൽ മഹോത്സാവമാണ് കേരളത്തിന്റെ പുതുവത്സരാ ഘോഷത്തിന്റെ ശ്രദ്ധാകേന്ദ്രം. ഫോർട്ട്കൊച്ചിയിൽ ഉയർന്ന് പൊങ്ങിയിട്ടുള്ള കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് കൊച്ചിക്കാർ പുതു വർഷത്തെ വരവേൽക്കുന്നത്. 

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രൂപ മാറ്റം വരുത്തിയ പാപ്പാഞ്ഞിയെയാണ് ഫോർട്ട് കൊച്ചിയിൽ കത്തിക്കുന്നത്. നേരത്തെ പപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛായയുണ്ടെന്ന ആരോപണവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 

ഇതേ തുടർന്ന് വ്യാഴാഴ്ച പപ്പാഞ്ഞിനിർമാണ ജോലികൾ നിർത്തിവെയ്ക്കുകയും ചെയ്തു. പിന്നീട് പപ്പാഞ്ഞിയുടെ മുഖം താഴെ ഇറക്കി ജോലികൾ പൂർത്തിയാക്കി വീണ്ടും കയറ്റി. മുഖത്ത് ചെറിയ രൂപമാറ്റവും വരുത്തി.

പുതുവർഷം പിറക്കുന്ന പാതിരാത്രി 12 മണിക്ക് പപ്പാഞ്ഞിക്ക് തീ കൊളുത്തും. കരിമരുന്നിനങ്ങൾ നിറച്ച പപ്പാഞ്ഞി കത്തിയമരുന്ന സവിശേഷമായ പുതുവർഷാഘോഷത്തിൽ പങ്കുകൊള്ളാൻ ലോകമെമ്പാടു നിന്നുമായി ആയിരങ്ങളാണ് ഫോർട്ട്കൊച്ചിയിലെത്താറുള്ളത്.

രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. പുതുവത്സരത്തെ വരവേറ്റ് പാപ്പാഞ്ഞിയെ കത്തിച്ച ശേഷം ആഘോഷ പരിപാടികളൊന്നും പാടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നിരത്തുകളിലെ പരിശോധന പുലരും വരെ നീളും.

പുതുവർഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ആഘോഷം നടക്കുന്ന മേഖലകളിൽ രാത്രി മുഴുവൻ സമയ പെട്രോളിംഗ് ഉണ്ടാകും. ലഹരി തടയുന്നതിന് എക്സ്സൈസ് പ്രത്യേക ഡ്രൈവും നടത്തുന്നുണ്ട്. 

ഹോട്ടലുകളിൽ പുതുവത്സര ആഘോഷത്തിനെത്തുന്നവർ നിർബന്ധമായും തിരിച്ചറിയിൽ രേഖ കാണിക്കണം. പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുടമകൾക്ക് എതിരെയും നടപടിയുണ്ടാകും. 

പുതുവർഷ തിരക്ക് കണക്കിലെടുത്ത് പുലർച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സർവീസ് നടത്തും. രാത്രി 9 മുതൽ പുലർച്ചെ ഒരു മണി ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടാകുമെന്ന് കെഎംആർഎൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.