ലോകം മുഴുവന്‍ ഉറ്റുനോക്കിയ വലിയ ദൈവശാസ്ത്രജ്ഞനും പ്രബോധകനുമായിരുന്നു ബെനഡിക്ട് മാര്‍പാപ്പ: കെസിബിസി

ലോകം മുഴുവന്‍ ഉറ്റുനോക്കിയ വലിയ ദൈവശാസ്ത്രജ്ഞനും പ്രബോധകനുമായിരുന്നു ബെനഡിക്ട് മാര്‍പാപ്പ: കെസിബിസി

കൊച്ചി: ലോകം മുഴുവന്‍ ഉറ്റുനോക്കിയ വലിയ ദൈവശാസ്ത്രജ്ഞനും പ്രബോധകനുമായിരുന്നു കാലം ചെയ്ത ബെനഡിക്ട് മാര്‍പാപ്പയെന്ന് കേരള കത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി).  അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്കുമുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായി കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ, വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ പറഞ്ഞു.

വൈദികനായിരിക്കെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന ദൈവശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. എഴുത്തിലും വായനയിലും അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം തന്‍റെ ജീവിത സായാഹ്നത്തിലെ വിശ്രമവേളകളും അതിനായി പ്രയോജനപ്പെടുത്തി. വിശ്വാസികളെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍.

ബാലപീഡനങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കാര്‍ശന നിലപാടുകള്‍ സ്വീകരിച്ച് സഭയുടെ ധാര്‍മിക ജീവിതത്തെ നവീകരിക്കുന്നതില്‍ ബദ്ധശ്രദ്ധനായി. ജനന നിയന്ത്രണത്തെ സംബന്ധിച്ചും സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചും സഭയുടെ പാരമ്പര്യ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

ക്രൈസ്തവ ദൈവശാസ്ത്രത്തെയും അതിന്‍റെ തനിമയെയും ആദരവോടെ സ്‌നേഹിച്ച ബെനഡിക്ട് പാപ്പാ ഇതരമതസ്ഥരോടും സഹോദരക്രൈസ്തവസഭകളോടും തികഞ്ഞ ആദരവും ബഹുമാനവും പുലര്‍ത്തി.

പത്രോസിന്‍റെ  പിന്‍ഗാമിയുടെ നേതൃശുശ്രൂഷയെക്കുറിച്ച് ആഴമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം പൗരസ്ത്യസഭകളോട് ഉന്നതമായ ആദരവ് കാണിച്ചു. പൗരസ്ത്യ സഭകളുടെ സ്വാതന്ത്ര്യത്തെയും സ്വയംഭരണ അവകാശത്തെയും അംഗീകരിച്ച് ആദരിക്കുന്നതില്‍ തുറന്ന സമീപനമായിരുന്നു അദ്ദേഹത്തിന്‍റേതെന്നും കെസിബിസി അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26