ഭക്ഷ്യ വിഷബാധ: വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ ചികിത്സയില്‍; ഒരാളുടെ നില ഗുരുതരം

ഭക്ഷ്യ വിഷബാധ: വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍  ചികിത്സയില്‍;  ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം പാകം ചെയ്ത് എത്തിച്ചത്. ഏകദേശം 190 പേര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.

വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നില്‍ പങ്കെടുത്ത പലര്‍ക്കും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടു ദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് വിവരം.

വിരുന്നില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വിരുന്ന് സംഘടിപ്പിച്ചവര്‍ പറഞ്ഞു.

അതേസമയം, മല്ലപ്പള്ളിയില്‍ വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും അന്നേ ദിവസം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ചെങ്ങന്നൂരിലെ കാറ്ററിങ് സ്ഥാപനത്തിന്റെ പ്രതികരണം. അവിടെയൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും കാറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.