കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനായി തടിച്ചു കൂടിയത് അഞ്ച് ലക്ഷത്തോളം പേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനായി തടിച്ചു കൂടിയത് അഞ്ച് ലക്ഷത്തോളം പേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തി.
ആകെയുണ്ടായിരുന്ന മൂന്ന് ആംബുലന്‍സുകള്‍ക്കുമായി ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്.

കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അവശ നിലയിലായത് പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നതടക്കമുള്ള ആഘോഷത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ലക്ഷത്തോളം പേര്‍ എത്തിയെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും വര്‍ണാഭമായ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കാര്‍ണിവലിനോടനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാന്‍ ഇത്തവണ വന്‍ ജനാവലിയെത്തി.

പാപ്പാഞ്ഞിയെ കത്തിച്ച ശേഷം പിരിഞ്ഞു പോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാകുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്.


ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളോ, ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ അടിയന്തര ആരോഗ്യ സേവനങ്ങളോ സ്ഥലത്തുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന മൂന്ന് ആംബുലന്‍സുകള്‍ക്കുമായി ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്.

ആഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരക്കില്‍പെട്ട് ശ്വാസം കിട്ടാതെ വന്നതോടെ അവശയായ യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തേണ്ടി വന്നത്. ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതും ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയാണ്.

തിരക്ക് കണക്കിലെടുത്ത് ഇവിടെ നിന്ന് രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഒന്നു മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതിലേക്ക് ജനം ഇരച്ചു കയറിയത് വലിയ അപകട സാധ്യതയാണ് ഉയര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.