കാറിനടിയില്‍ കുടുങ്ങി വലിച്ചിഴക്കപ്പെട്ടത് നാല് കിലോമീറ്ററുകള്‍: ഡല്‍ഹിയില്‍ 20 കാരിക്ക് ദാരുണാന്ത്യം; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

കാറിനടിയില്‍ കുടുങ്ങി വലിച്ചിഴക്കപ്പെട്ടത് നാല് കിലോമീറ്ററുകള്‍: ഡല്‍ഹിയില്‍ 20 കാരിക്ക് ദാരുണാന്ത്യം; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കാറിനടിയില്‍പ്പെട്ട് നാല് കിലോമീറ്ററോളം വലിച്ചിഴച്ചിഴയ്ക്കപ്പെട്ട ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ ഇടിച്ചുവീഴ്ത്തിയതിനെ തുടര്‍ന്നാണ് കാറിനടിയില്‍ കുടുങ്ങിയത്. സുല്‍ത്താന്‍പുരി മുതല്‍ കാഞ്ചവാല വരെ യുവതിയെ വലിച്ചിഴച്ചുകൊണ്ട് വാഹനം അതിവേഗത്തില്‍ ഓടുകയായിരുന്നു. സംഭവത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച്ചയായിരുന്നു സംഭവം. യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. രോഹിനി ജില്ലയിലെ കാഞ്ചവാല്‍ പൊലീസിന് അജ്ഞാതന്‍ ഫോണില്‍ വിളിച്ച് പറഞ്ഞതോടെയാണ് അതിദാരുണമായ സംഭവം പുറംലോകം അറിഞ്ഞത്.

പുലര്‍ച്ചെ മൂന്നരയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളി വന്നത്. ചാര നിറത്തിലുള്ള ബലേനോ കാറില്‍ കുത്തുബ്ഗാര്‍ഗിലൂടെ പോകുന്നുണ്ടെന്നും അതില്‍ ഒരു സ്ത്രീയുടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നുണ്ടെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. കാറിന്റെ രജിസ്ട്രേഷന്‍ നമ്പറും കൈമാറി.

ഇതേ തുടര്‍ന്ന് ചെക് പോയിന്റുകളിലുള്ള പൊലീസുകാര്‍ക്ക് നിര്‍ദേശം എത്തി. തുടര്‍ന്ന് കാര്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍ കാറിനടിയില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. നാല് മണിയോടെ പോലീസില്‍ വീണ്ടും ഒരു ഫോണെത്തി. ഒരു യുവതിയുടെ നഗ്‌നമായ ശരീരം റോഡില്‍ കിടക്കുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

വിവരം കിട്ടിയ ഉടനെ പൊലീസ് ഇവിടെയെത്തുകയായിരുന്നു. ഫോറന്‍സിക്ക് ടീം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. മംഗോള്‍പൂരിയിലെ എസ്ജിഎം ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഡല്‍ഹി വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായും വിഷയം ഏറെ ഭയമുളവാക്കുന്നതാണെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഡല്‍ഹി പോലീസിനോട് വിശദവിവരം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നെന്നും എന്നാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കാറിലുണ്ടായിരുന്ന യുവാക്കളുടെ മൊഴി. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാറിടിച്ചതിനെ തുടര്‍ന്ന് പരിഭ്രമത്തിലായ യുവാക്കള്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയും പ്രതികളും തമ്മില്‍ മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

അമന്‍ വിഹാര്‍ സ്വദേശിയാണ് മരിച്ച യുവതി. അമ്മയും നാല് ഇളയ സഹോദരിമാരും രണ്ട് സഹോദരന്‍മാരും യുവതിക്കുണ്ട്. അച്ഛന്‍ ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.