കൃഷ്ണനാകാന്‍ കൊതിച്ച കളക്ടര്‍ ദമയന്തിയായി കണ്ണന് മുന്നില്‍ നിറഞ്ഞാടി

കൃഷ്ണനാകാന്‍ കൊതിച്ച കളക്ടര്‍ ദമയന്തിയായി കണ്ണന് മുന്നില്‍ നിറഞ്ഞാടി

ഗുരുവായൂര്‍: ഗുരുവായൂരപ്പനു മുന്നില്‍ ശ്രീകൃഷ്ണനായി എത്താനായിരുന്നു മോഹം. പക്ഷേ ദമയന്തിയാകാനാണ് വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ നിയോഗം. ഇന്നലെ പുതുവര്‍ഷ ദിനത്തിലെ സന്ധ്യക്ക് കണ്ണന് മുന്നില്‍ ഗീത നളചരിതത്തിലെ ദമയന്തിയായി.

ഹംസത്തോടൊപ്പമുള്ള ദമയന്തിയുടെ രംഗങ്ങളാണ് കഥകളിയായി കളക്ടര്‍ അവതരിപ്പിച്ചത്. ഉദ്യാനത്തില്‍ സഖിമാരോടൊപ്പം നൃത്തം ചെയ്തു പ്രവേശിക്കുന്ന ദമയന്തി. നളമഹാരാജാവിനെ കുറിച്ചറിഞ്ഞ് വികാര വിവശയാകുന്നു. ആകാശത്ത് ഒരു ശോഭ കാണുമ്പോള്‍ ദമയന്തിക്ക് സന്തോഷം. അത് എന്താണെന്ന് സഖിമാരോട് ആരായുന്നു. മിന്നല്‍ക്കൊടിയാണെന്ന് ഒരു സഖി. ചന്ദ്രമണ്ഡലമാണെന്ന് മറ്റൊരു സഖിയും. അതൊന്നുമല്ല സ്വര്‍ണ അരയന്നം പറന്നുവരികയാണെന്ന് ദമയന്തിക്ക് മനസിലാകുന്നു.

പിന്നീട് സഖിമാരെ മാറ്റി നിറുത്തി ഹംസത്തോട് സംസാരിക്കുന്നതും ഏറെ നേരത്തിന് ശേഷം ഹംസത്തെ യാത്രയാക്കുന്നതുമായ രംഗങ്ങളാണ് കളക്ടര്‍ ഗീത അവതരിപ്പിച്ചത്.

കോട്ടയ്ക്കല്‍ ഷിജിത്തും രമ്യാകൃഷ്ണനുമായിരുന്നു തോഴിമാര്‍. രതി സുജീവന്‍ ഹംസമായി. കോട്ടയ്ക്കല്‍ സന്തോഷും കോട്ടയ്ക്കല്‍ വിനീഷും കഥകളി പദങ്ങള്‍ ആലപിച്ചു. കോട്ടയ്ക്കല്‍ മനീഷ് രാമനാഥന്‍ ചെണ്ടയിലും കോട്ടയ്ക്കല്‍ പ്രതീഷ് മദ്ദളത്തിലും പക്കമേളമൊരുക്കി.

വയനാടിന്റെ ദേശീയോത്സവമായ ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തില്‍ ഗീത അവതരിപ്പിച്ച ദമയന്തി വേഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോട്ടയ്ക്കല്‍ സി.എം. ഉണ്ണിക്കൃഷ്ണനാണ് കളക്ടറുടെ ഗുരു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.