ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. സ്‌കൂട്ടറില്‍ ഇടിച്ചിട്ട യുവാക്കളുടെ കാര്‍ ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന് ദൃക്സാക്ഷി ദീപക് ദഹിയ പറഞ്ഞു.
ഒന്നര മണിക്കൂറോളമാണ് യുവതിയെയും വലിച്ചിഴച്ച് കാര്‍ പാഞ്ഞത്. പുലര്‍ച്ചെ 3.20 ഓടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ പോയ 20 കാരിയാണ് അപകടത്തില്‍ മരിച്ചത്. വലിയൊരു ശബ്ദം കേട്ടാണ് നോക്കിയത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതായിരിക്കുമെന്നാണ് കരുതിയത്.
എന്നാല്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വാഹനത്തില്‍ കുരുങ്ങിയ പെണ്‍കുട്ടിയുമായി ഒരു കാര്‍ കുതിച്ചു പായുന്നു. സംഭവം കണ്ടയുടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും അപകടം നടന്ന കഞ്ജ് വാലയില്‍ ബേക്കറി ഷോപ്പ് നടത്തുന്ന ദീപക് ദഹിയ പറഞ്ഞു.
കുറേ സമയത്തിനു ശേഷം കാര്‍ തിരികെ വന്നപ്പോഴും കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നു. പ്രതികള്‍ 4-5 കിലോമീറ്റര്‍ റോഡില്‍ യുടേണ്‍ എടുത്ത് ആവര്‍ത്തിച്ച് വാഹനമോടിച്ചതായി ദഹിയ പറഞ്ഞു. വാഹനം തടഞ്ഞു നിര്‍ത്താന്‍ പലവട്ടം താന്‍ ശ്രമിച്ചു.
എന്നാല്‍ പ്രതികള്‍ വാഹനം നിര്‍ത്തിയില്ല. ബൈക്കില്‍ താന്‍ വാഹനത്തിന് പിന്നാലെ പാഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം ഇരുപതുകാരിയുടെ മൃതദേഹം ജ്യോതി ഗ്രാമത്തിന് സമീപം താനേ കാറില്‍ നിന്നും താഴെ വീഴുകയായിരുന്നു.
അതിനു പിന്നാലെ പ്രതികള്‍ വാഹനവുമായി സ്ഥലത്തു നിന്നും മുങ്ങി. ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാനാകില്ലെന്നും ദീപക് ദഹിയ പറയുന്നു. പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് സംഭവം.
കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തി വെച്ചിരുന്നതിനാലും ഉച്ചത്തില്‍ പാട്ടു വെച്ചതിനാലും ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കാറും കാറിലുണ്ടായിരുന്ന അഞ്ചു യുവാക്കളെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം യുവതിയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാഞ്ജ്വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്നമായി നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കള്‍ അഞ്ച് പേരും മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.