സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അംഗീകരിക്കില്ല; കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎമ്മല്ല: വി.ഡി സതീശന്‍

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അംഗീകരിക്കില്ല; കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎമ്മല്ല: വി.ഡി സതീശന്‍

കൊച്ചി: ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യുഡിഎഫ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി കൈ കടത്തി സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുത്തതാണ്.

കേസില്‍ ഒരു കോടതിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. കോടതി തീരുമനത്തിന് വിധേയമായി മാത്രമേ സജി ചെറിയാന് വീണ്ടും മന്ത്രിയാകാന്‍ സാധിക്കൂ. കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യുഡിഎഫ് ശക്തിയായി എതിര്‍ക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി ഭരണഘടനയെയും അതിന്റെ ശില്‍പികളെയും അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് രാജി വച്ചത്. ഇതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായത്? പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിചാരണ കോടതി പോലും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

കേസ് ഹൈക്കോടതിയുടെയും പരിഗണനയിലാണ്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം സജി ചെറിയാനെ മന്ത്രിയാക്കാന്‍ സര്‍ക്കാര്‍ ധൃതി കാട്ടുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മന്ത്രിസ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ച പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സിപിഎമ്മോ സര്‍ക്കാരോ പിന്‍വലിക്കാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഇതിനോട് സിപിഎം യോജിക്കുന്നുണ്ടോയെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം.

ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും തകര്‍ക്കാര്‍ സംഘപരിവര്‍ ശക്തികള്‍ ശ്രമിക്കുന്നെന്ന് ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിക്കുന്ന കാലത്താണ് സിപിഎം മന്ത്രിയായിരുന്ന ഒരാള്‍ ഗോള്‍വാള്‍ക്കറെ അനുകൂലിച്ചത്.

സജി ചെറിയാന്റെ പ്രസംഗം എം.വി ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിനെ സിപിഎം അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥം. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് എം.വി ഗോവിന്ദനല്ല, കോടതിയാണ്. ഇത് പാര്‍ട്ടി കോടതി തീരുമാനിക്കേണ്ട വിഷയമല്ലന്നും അദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.