അഭിഭാഷകനെന്ന പേരില്‍ നടത്തിയത് ആയുധ പരിശീലന കേന്ദ്രം; മുഹമ്മദ് മുബാറക്കിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എന്‍ഐഎ

അഭിഭാഷകനെന്ന പേരില്‍ നടത്തിയത് ആയുധ പരിശീലന കേന്ദ്രം; മുഹമ്മദ് മുബാറക്കിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി  എന്‍ഐഎ

കൊച്ചി: പൊലീസിനും നാട്ടുകാര്‍ക്കും മുമ്പില്‍ സൗമ്യനായ അഭിഭാഷകനായിരുന്ന മുഹമ്മദ് മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകനായിരുന്നുവെന്ന് എന്‍ഐഎ. മുമ്പ് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായി ബന്ധമുണ്ടായിരുന്ന മുഹമ്മദ് മുബാറക്ക് ഇതെല്ലാം വിട്ട് അടുത്തിടെ ഹൈക്കോടതിയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നാണ് ലോക്കല്‍ പൊലീസ് കരുതിയിരുന്നത്.

എന്‍ഐഎയുടെ കണ്ടെത്തല്‍ ലോക്കല്‍ പൊലീസിനും നാട്ടുകാര്‍ക്കും ഒരു പോലെ ഞെട്ടലുണ്ടാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ കോടതി അഞ്ചുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

എന്നാല്‍ ഇയാള്‍ നടത്തുന്ന ആയോധന കലാ പരിശീലന സ്ഥാപനത്തിന് പിഎഫ്‌ഐ ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് എറണാകുളം സ്വദേശി അഡ്വ മുഹമ്മദ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രമുഖ നേതാക്കളെയടക്കം വധിക്കുന്നതിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു മുഹമ്മദ് മുബാറക്കെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇയാള്‍ കുംഫൂ അടക്കമുളള ആയോധന കലകളില്‍ പണ്ടേ തന്നെ വിദഗ്ധനാണ്. അതുകൊണ്ടുതന്നെ എടവനക്കാട് പ്രദേശത്തെ ചെറുപ്പക്കാരടക്കമുളളവരുമായി അടുപ്പമുണ്ടായിരുന്നു. കൊച്ചിയിലേക്ക് അഭിഭാഷകനായി പോയതോടെയാണ് നാട്ടിലുളള പതിവ് ബന്ധങ്ങള്‍ നിലച്ചത്.

ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തപ്പേഴാണ് മുബാറക്കിന് ആരുമറിയാത്ത മറ്റു ചില പശ്ചാത്തലങ്ങള്‍ കൂടി ഉണ്ടായിരുന്നെന്ന് പുറം ലോകമറിയുന്നത്. മൂന്നുവര്‍ഷം മുന്‍പാണ് അഭിഭാഷകനായി മുബാറക് കൊച്ചി നഗരത്തിലെത്തിയത്.

എന്നാല്‍ ഹൈക്കോടതിയില്‍ അധികം കണ്ടവരില്ല. നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ നിര നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു എല്ലായ്‌പോഴും സൗമ്യനായിരുന്ന മുബാറക്കെന്നാണ് എന്‍ഐഎ പറയുന്നത്.

ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങള്‍ തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി നഗരത്തില്‍ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകര്‍, ചില ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ഐഎയുടെ അന്വേഷണ പരിധിയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.