പീഡിപ്പിക്കപ്പെട്ടിട്ടില്ല; ഡല്‍ഹിയില്‍ കാറില്‍ വലിച്ചിഴച്ച യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പീഡിപ്പിക്കപ്പെട്ടിട്ടില്ല; ഡല്‍ഹിയില്‍ കാറില്‍ വലിച്ചിഴച്ച യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: യുവതിയെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ലെന്നും പീഡനത്തിന് ഇരയായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ് മരിച്ച അഞ്ജലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊലീസിനു കൈമാറുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിളുകളും ജീന്‍സിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു 'നിര്‍ഭയ' എന്നുവരെ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ പീഡനാരോപണം പരിശോധിക്കുമെന്നു ഡല്‍ഹി സ്‌പെഷല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ വിശദീകരിച്ചിരുന്നു.

വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയര്‍ന്നത്. അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റിഡിയിലാണ്.

അതേസമയം അപകടത്തിനു മുമ്പ് പുതുവത്സരാഘോഷത്തിനായി എത്തിയ യുവതിയെ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഹോട്ടലില്‍ നിന്നും പുറത്താക്കിയതായി മാനേജരുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിട്ടുണ്ട്.

സുഹൃത്തിനൊപ്പമാണ് യുവതി ഹോട്ടലിലെത്തിയത്. ഹോട്ടലില്‍ ഇവര്‍ തമ്മില്‍ വഴക്കിട്ടു. ഹോട്ടല്‍ അധികൃതര്‍ ഇരുവരെയും പുറത്താക്കി. ശേഷം സ്‌കൂട്ടറില്‍ കയറി യുവതികള്‍ പോവുകയായിരുന്നു. എന്നാല്‍ വഴിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു.

യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരുക്കേറ്റ രണ്ടാമത്തെ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ഇതിനിടെ അഞ്ജലി കാറില്‍ ഉടക്കി കിടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

യുവതികള്‍ക്കൊപ്പം ഹോട്ടലില്‍ പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്ത യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഈ യുവാക്കള്‍ രാത്രി സംസാരിച്ചുവെന്നും പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താന്‍ ശ്രമം നടന്നു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.