ഛത്തീസ്ഗഡില്‍ കത്തോലിക്കാ ദേവാലയത്തിനും വിശ്വാസികള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ ആശങ്ക അറിയിച്ച് സീറോ മലബാര്‍ സഭ

ഛത്തീസ്ഗഡില്‍ കത്തോലിക്കാ ദേവാലയത്തിനും വിശ്വാസികള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ ആശങ്ക അറിയിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: ഛത്തീസ്ഗഡിലെ ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയുടെ നാരായണ്‍പുരിലെ സേക്രഡ് ഹാര്‍ട്ട് ദൈവാലയം അടിച്ചു തകര്‍ക്കുകയും ക്രിസ്തുവിന്റെ ക്രൂശിത രൂപവും ഗ്രോട്ടോയിലെ മാതാവിന്റെ തിരുസ്വരൂപവും നശിപ്പിക്കുകയും ചെയ്തതില്‍ ആശങ്കയും വേദനയും പങ്കുവച്ച് സീറോ മലബാര്‍ സഭ.

ആയിരത്തോളം വരുന്ന സായുധധാരികളായ അക്രമി സംഘമാണ് പ്രകടനത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിഷനറിമാര്‍ക്കും ദേവാലയത്തിനും എതിരായി അത്യന്തം അപലപനീയമായ അക്രമം നടത്തിയത്.

1973 മുതല്‍ നാരായണ്‍പൂരില്‍ വിദ്യാഭ്യാസ സ്ഥാപനവും പാവപ്പെട്ട കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റലും ആരോഗ്യ പരിപാലനകേന്ദ്രവും നടത്തിവരുന്ന കത്തോലിക്കാ മിഷനറിമാര്‍ക്കു നേരെയാണ് നീതികരിക്കാനാവാത്ത അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

ഏതാനും ആഴ്ചകളായി നാരായണ്‍പൂരിലും സമീപ പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളുടെ തുടര്‍ച്ചയാണിത്. അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രകടനക്കാര്‍ മര്‍ദിക്കുകയും സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് പുറമേ പള്ളിമേട, മാതാവിന്റെ ഗ്രോട്ടോ എന്നിവയ്ക്കു നേരെയും അക്രമം അഴിച്ചുവിട്ടു.

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കത്തോലിക്കാ വിശ്വാസികള്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ഇത്തരം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും ഛത്തീസ്ഗഡ് സര്‍ക്കാരും നിയമപാലകരും സത്വര നടപടികള്‍ സ്വീകരിക്കണം.

അക്രമിക്കപ്പെട്ട ദേവാലയത്തിനും വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം. ഈ അക്രമ സംഭവത്തില്‍ വേദനിക്കുന്ന സഹോദരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.