ടോക്കിയോ വിടാൻ ഒരു കുട്ടിക്ക് മില്യൺ യെൻ: നഗരം വിട്ടുപോകുന്നവര്‍ക്ക് ധനസഹായവുമായി ജപ്പാന്‍ സര്‍ക്കാര്‍

ടോക്കിയോ വിടാൻ ഒരു കുട്ടിക്ക് മില്യൺ യെൻ: നഗരം വിട്ടുപോകുന്നവര്‍ക്ക് ധനസഹായവുമായി ജപ്പാന്‍ സര്‍ക്കാര്‍

ടോക്കിയോ: ജനസംഖ്യ ചുരുങ്ങുകയും നഗരവത്ക്കരണം തീവ്രമായി തുടരുകയും ചെയ്യുന്നതോടെ ജപ്പാന്റെ പ്രാദേശിക മേഖലകളിലേക്ക് ആളുകളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളുമായി ഭരണകൂടം. ടോക്കിയോയിൽ നിന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങളിലെ ഒരു കുട്ടിക്ക് ഒരു മില്യൺ യെൻ (7,500 ഡോളർ) എന്ന അനുപാതത്തിൽ സാമ്പത്തിക സഹായം നൽകും എന്നാണ് ജപ്പാൻ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്.

രാജ്യത്തിന്റെ ജനസംഖ്യയും സാമ്പത്തിക വ്യവസ്ഥയും കൂടുതലായി ടോക്കിയോയില്‍ കേന്ദ്രീകരിക്കപ്പെടുന്നു എന്ന അനുമാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. പ്രഖ്യാപനത്തിലൂടെ ഗ്രാമ പ്രദേശങ്ങളിലെ ജനസംഖ്യാ ഇടിവ് കുറയ്ക്കാൻ കഴിയും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും ജീവൻ നൽകുകയെന്ന ഈ ഔദ്യോഗിക നീക്കത്തിന്റെ ഭാഗമായി ഏപ്രിലിൽ മൂന്ന് ലക്ഷം യെൻ നീക്കിവെച്ചിരുന്നു. അതിനു പുറമെ മറ്റൊരു ഏഴ് ലക്ഷം യെന്‍ കൂടി പദ്ധതിയിലേക്കായി വകയിരുത്തും.

പദ്ധതിയിലൂടെ കുട്ടികളുള്ള കുടുംബങ്ങള്‍ നഗരത്തില്‍ നിന്നും അകലെയുള്ള ഗ്രാമപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും താമസമാക്കുവാനാണ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. പ്രധാന മെട്രോപോളിറ്റന്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന ടോക്കിയോ നഗരത്തില്‍ 23 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്കും, സമീപത്തെ സൈതാമ, ചിബ, കനഗാവ എന്നിവിടങ്ങളിൽ സ്ഥിരമായി വന്നു-പോയി താമസിക്കുന്ന കുടുംബങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകും.

നഗരത്തിനു ചുറ്റുമുള്ള പര്‍വ്വത പ്രദേശങ്ങള്‍ ഉള്‍പ്പടെ 23 ഓളം മുന്‍സിപ്പലിറ്റികള്‍ ഈ പുനരധിവാസ പദ്ധതിയില്‍ പങ്കാളികളാകും. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, കുടുംബങ്ങൾ ടോക്കിയോ പ്രദേശത്തിന് പുറത്തേക്ക് മാറണം. മാർഗനിർദേശങ്ങൾ പാലിച്ച് നഗരത്തിന്റെ അതിർത്തിക്കുള്ളിലുള്ള പർവതപ്രദേശങ്ങളിലേക്ക് മാറുകയാണെങ്കിലും പണം ലഭിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ക്യോഡോ വാർത്താ ഏജൻസി പറഞ്ഞു.

ആനുകൂല്യം സ്വീകരിക്കുന്നവര്‍ ഇതില്‍ പങ്കാളികളായ ഏതെങ്കിലും മുന്‍സിപ്പാലിറ്റികളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും അവരുടെ പുതിയ വീടുകളിൽ താമസിക്കണം. വീട്ടിലെ ഒരു അംഗത്തിന് എങ്കിലും ജോലി ഉണ്ടായിരിക്കണം അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സ് തുറക്കാൻ പദ്ധതിയിടണം. അഞ്ച് വർഷം തികയുന്നതിന് മുമ്പ് അവര്‍ അവിടെ നിന്നും മാറിയാല്‍ ലഭിച്ച സാമ്പത്തിക സഹായം തിരികെ നല്‍കേണ്ടതായി വരും.

കോവിഡ് കാലഘട്ടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പോയി ജോലി ചെയ്യുന്നതിന്റെ കൂടുതൽ നേട്ടങ്ങൾ തൊഴിലാളികൾ കണ്ടെത്തിയതോടെ ജീവിത നിലവാരത്തോടുള്ള പൊതു മനോഭാവത്തിൽ മാറ്റം വരുത്താമെന്ന പ്രതീക്ഷയിൽ രാജ്യത്തെ ഏകദേശം 1,300 മുനിസിപ്പാലിറ്റികൾ (80 ശതമാനം) പദ്ധതിയിൽ ചേർന്നിട്ടുണ്ട്.

2019 ലാണ് ഇത്തരമൊരു പദ്ധതി ആവിഷ്കാരം ചെയ്തത്. ആ വർഷം 71 കുടുംബങ്ങൾ മാത്രമാണ് തങ്ങളുടെ നഗരത്തിലെ വീടുകൾ ഉപേക്ഷിക്കാൻ സന്നധത അറിയിച്ചത്. പിന്നീട് 2020 ൽ 290 കുടുംബങ്ങളും 2021 ൽ 1,184 കുടുംബങ്ങളും ടോക്കിയോ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് ചേക്കേറി.

2027 ഓടെ ടോക്കിയോയിൽ നിന്ന് 10,000 പേർ ഗ്രാമപ്രദേശങ്ങളിലേക്ക് മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് പാലിച്ചാൽ ഓരോ കുടുംബത്തിനും ഒരു മില്യൺ യെൻ മുതൽ മൂന്ന് മില്യൺ യെൻ വരെ ലഭിക്കും.

കുടുംബങ്ങൾ മാറുന്ന പ്രദേശത്ത് ഒരു ചെറിയ അല്ലെങ്കിൽ ഇടത്തരം കമ്പനിയിൽ തൊഴിൽ ചെയ്യുക, അകലെയിരുന്ന നിയന്ത്രിക്കാവുന്ന രീതിയിൽ കുടുംബാംഗങ്ങൾ അവരുടെ പഴയ ജോലികളിൽ തുടരുക അല്ലെങ്കിൽ അവരുടെ പുതിയ വീട്ടിൽ ഒരു ബിസിനസ്സ് ആരംഭിക്കുക എന്നിവയാണ് മൂന്ന് മാർഗങ്ങൾ.

ജപ്പാൻ സർക്കാരിന്റെ വാഗ്ദാനപ്രകാരം രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് അഞ്ച് മില്യൺ യെൻ വരെ അർഹതയുണ്ട്. പണത്തിന്റെ പകുതി കേന്ദ്ര സർക്കാരിൽ നിന്നും ബാക്കി പകുതി പ്രാദേശിക മുനിസിപ്പാലിറ്റികളിൽ നിന്നുമാണ് ലഭിക്കുന്നത്.

35 ദശലക്ഷത്തോളം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ മഹാനഗരമായ ടോക്കിയോയിലെ പ്രദേശങ്ങൾ പുനരുജ്ജീവിപ്പിക്കാനും നഗരത്തിലെയും പൊതു സേവന കേന്ദ്രങ്ങളിലെയും സമ്മർദ്ദം ലഘൂകരിക്കാനും 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങളെ ഈ പദ്ധതി കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.

കോവിഡ് മഹാമാരി മൂലം ടോക്കിയോയിലെ ജനസംഖ്യ കഴിഞ്ഞ വർഷം ആദ്യമായി കുറഞ്ഞുവെങ്കിലും നഗരത്തിന്റെ ജനസാന്ദ്രത വീണ്ടും കുറയ്ക്കുന്നതിനും രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പുതിയ ജീവിതം ആരംഭിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ പദ്ധതികൾ ഒരുക്കണമെന്ന് നയരൂപകർത്താക്കൾ വിശ്വസിക്കുന്നു.

ടോക്കിയോ, ഒസാക്ക, തുടങ്ങിയ ജപ്പാന്റെ വൻ നഗരങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യ കുറയുന്നതിനും വാർദ്ധക്യം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമായിരുന്നു.

മാത്രമല്ല ജപ്പാനിലെ ആകെ ജനസംഖ്യയിൽ ഗണ്യമായ കുറവ് ഉണ്ടായ സാഹചര്യത്തിൽ കൂടിയാണ് പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ ശ്രമം. 2021ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറച്ച് പ്രസവങ്ങളാണ് ജപ്പാനില്‍ നടന്നത്.

ജനസംഖ്യ കുറയുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം വര്‍ധിക്കാന്‍ ഇത് ഇടയാക്കി. രാജ്യത്തിന്റെ നയരൂപീകരണ വൃത്തങ്ങളിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും വളരെക്കാലമായി ആശങ്കയോടെ ഇത് ചര്‍ച്ചചെയ്തുവരുന്നു.

സർക്കാർ കണക്കുകൾ പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജപ്പാനിൽ കഴിഞ്ഞ വര്‍ഷം 8,11,604 ജനനങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.1899 ൽ ആദ്യമായി രേഖകൾ സൂക്ഷിക്കാൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനന നിരക്കാണിത്. കൂടാതെ 14,39,809 മരണങ്ങളും രേഖപ്പെടുത്തിയെന്നും ഇതിന്റെ ഫലമായി ജനസംഖ്യയില്‍ 6,28,205 ന്റെ കുറവുണ്ടായെന്നും ഏറ്റവും വലിയ സ്വാഭാവിക ഇടിവാണിതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ജനന നിരക്ക് കുറയാന്‍ കാരണം പ്രസവിക്കാന്‍ പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം കുറഞ്ഞതും 20-30 പ്രായമുള്ള സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞതുമാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. ഇതോടെ നിലവിലെ 125 ദശലക്ഷത്തിൽ നിന്ന് 2065 ൽ ഇത് 88 ദശലക്ഷമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 45 വർഷത്തിനുള്ളിൽ 30 ശതമാനം ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം രാജ്യത്ത് 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2021 ൽ മാത്രം 100 വയസ് പിന്നിട്ടവരുടെ എണ്ണം 90,500 ലധികമാണ്.1963 ൽ 153 പേർ മാത്രമായിരുന്നു രാജ്യത്ത് നൂറു വയസിന് മുകളിൽ ജീവിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.