മുംബൈ: അവേശം അവസാന പന്തു വരെ നിന്ന പോരാട്ടത്തിൽ ശ്രീലങ്കയെ രണ്ട് റൺസിന് വീഴ്ത്തി ഒന്നാം ടി20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 163 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയുടെ പോരാട്ടം 160 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
അരങ്ങേറ്റ മത്സരം കളിച്ച ശിവം മവിയുടെ തകർപ്പൻ ബൗളിങും അവസാന ഓവറുകളിലെ ഫീൽഡിങ് മികവുമാണ് ഇന്ത്യ വിജയം പിടിച്ചു വാങ്ങാൻ കാരണമായത്.
അവസാന ഓവറിൽ 13 റൺസായിരുന്നു ലങ്കയുടെ ലക്ഷ്യം. ശേഷിച്ചത് രണ്ട് വിക്കറ്റുകളും. അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് വൈഡായി. അടുത്ത പന്തിൽ സിംഗിൾ. ലങ്കയുടെ ജയം അഞ്ച് പന്തില്‍ 11. രണ്ടാം പന്തില്‍ റണ്ണില്ല. തൊട്ടടുത്ത പന്ത് കരുണരത്‌നെ സിക്‌സ് പായിച്ചതോടെ ജയത്തിലേക്ക് മൂന്ന് പന്തില്‍ അഞ്ച് റണ്‍സെന്ന നില. നാലാം പന്തില്‍ റണ്ണില്ല. അഞ്ചാം പന്തില്‍ രണ്ടാം റണ്ണിന് ഓടിയപ്പോള്‍ കസുന്‍ രജിത റണ്ണൗട്ട്. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. ഈ ബോളില്‍ ബൗണ്ടറി നേടാൻ ലങ്കയ്ക്ക് സാധിച്ചില്ല. രണ്ടാം റണ്ണിന് ശ്രമിച്ച് ഈ ഘട്ടത്തില്‍ ദില്‍ഷന്‍ മധുഷങ്ക റണ്ണൗട്ടായതോടെ ലങ്കയുടെ പോരാട്ടവും അവസാനിച്ചു.
ടി20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് മവി നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
163 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ പതും നിസ്സങ്കയെ (ഒന്ന്) നഷ്ടമായി. പിന്നാലെ നിലയുറപ്പിക്കും മുമ്പ് ധനഞ്ജയ ഡിസില്‍വയേയും (8) മടക്കി മവി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. തുടര്‍ന്ന് എട്ടാം ഓവറില്‍ ചരിത് അസലങ്കയെ (12) മടക്കി ഉമ്രാന്‍ മാലിക് ലങ്കയെ വീണ്ടും പ്രതിരോധത്തിലാക്കി.
സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയ കുശാല്‍ മെന്‍ഡിസിനെ (28) തന്റെ ആദ്യ ഓവറില്‍ തന്നെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. പിന്നാലെ 11ാം ഓവറില്‍ ഭാനുക രജപക്‌സയേയും (10) മടക്കിയ ഹര്‍ഷല്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.
എന്നാല്‍ ആറാം വിക്കറ്റില്‍ വാനിന്ദു ഹസരംഗയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ദസുന്‍ ഷനക പ്രത്യാക്രമണം തുടങ്ങി. 10 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 21 റണ്‍സെടുത്ത ഹസരംഗ, ഷനകയ്ക്ക് ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ 15ാം ഓവറില്‍ ഹസരംഗയെ മടക്കി മവി മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി.
അപ്പോഴും ഒരറ്റത്ത് തകര്‍ത്തടിച്ച ഷനക ലങ്കയുടെ പ്രതീക്ഷ കാത്തു. എന്നാല്‍ 17ാം ഓവറില്‍ 155 കി.മീ വേഗത്തിലെത്തിയ ഉമ്രാന്‍ മാലിക്കിന്റെ പന്തില്‍ ഷനകയ്ക്ക് പിഴച്ചു. ചഹലിന് ക്യാച്ച് നൽകി ലങ്കൻ ക്യാപ്റ്റൻ മടങ്ങി. 27 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 45 റണ്‍സെടുത്ത ഷനക പുറത്തായതോടെ ലങ്ക പരാജയം മണത്തു.
എന്നാല്‍ 16 പന്തില്‍ നിന്ന് രണ്ട് സിക്‌സടക്കം 23 റണ്‍സെടുത്ത ചമിക കരുണരത്‌നെ ഇന്ത്യയ്ക്ക് വെല്ലുവിളിയായി. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കേ അക്ഷര്‍ പട്ടേലിനെ ഒരു തവണ സിക്‌സറിന് പറത്തിയിട്ടും ആ ഓവറില്‍ 10 റണ്‍സ് മാത്രമേ കരുണരത്‌നെയ്ക്ക് സ്വന്തമാക്കാനായുള്ളൂ.
ടോസ് നേടി ലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ പിന്നിലേക്ക് പോയി. മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടിയെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ ദീപക് ഹൂഡയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.
ദീപക് ഹൂഡയാണ് ടോപ് സ്‌കോറര്‍. 23 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 41 റണ്‍സ് വാരി. അക്ഷര്‍ 20 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 31 റണ്‍സെടുത്തു. ഇരുവരും പുറത്താകാതെ നിന്നു. പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.
ടി20യില്‍ അരങ്ങേറ്റ മത്സരം കളിച്ച ശുഭ്മാന്‍ ഗില്‍ (ഏഴ്), സൂര്യകുമാര്‍ യാദവ് (ഏഴ്), സഞ്ജു സാംസണ്‍ (അഞ്ച്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് തിരിച്ചടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.