ദുബായ്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാനും ഉമ്മുല്‍ ഖുവൈനും നല്‍കിയ ഗതാഗത പിഴയിളവ് ജനുവരി ആറിന് അവസാനിക്കും. ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴയില്‍ 50 ശതമാനം ഇളവാണ് അജ്മാന്‍ പ്രഖ്യാപിച്ചിരുന്നത്. 2022 നവംബർ 11 ന് മുന്‍പ് ലഭിച്ച പിഴകള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക.
2022 നവംബർ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് പിഴയിളവ് ലഭ്യമാവുകയെന്നും നേരത്തെ അറിയിച്ചിരുന്നു. അജ്മാന്‍ എമിറേറ്റില്‍ നടന്ന എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണ്. അതേസമയം, മറ്റുളളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, വേഗപരിധി കടന്ന് വാഹനമോടിക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍ ഘടനയില്‍ മാറ്റം വരുത്തിയതിന് ലഭിച്ച പിഴ തുടങ്ങിയവയൊന്നും ആനുകൂല്യത്തിന്‍റെ പരിധിയില്‍ വരില്ല.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ വഴിയോ സഹേൽ ഇലക്ട്രോണിക് പേയ്‌മെന്‍റ് വഴിയോ അജ്മാൻ പൊലീസിന്‍റെ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേമെന്‍റ് ചാനലുകൾ വഴിയോ പണമടക്കാന്‍ സൗകര്യമുണ്ട്.
ഉമ്മുല്‍ ഖുവൈനില്‍ ഒക്ടോബർ 31നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഇളവ് നല്‍കിയിട്ടുളളത്. ജനുവരി ആറു വരെയാണ് ഇളവ് പ്രയോജനപ്പെടുത്താനാവുക. ഫുജൈറയില്‍ നവംബർ 26നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. നവംബർ 29 മുതൽ രണ്ടു മാസം വരെയാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. എന്നാല്‍ ഗുരുതരമായ നിയലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.
ഷാർജയിലും നിയമലംഘനങ്ങള്‍ക്ക് നല്‍കിയ പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഡിസംബർ ഒന്നിന് മുന്‍പ് ചുമത്തപ്പെട്ട പിഴകള്‍ക്കാണ് ഇളവ് ബാധകമാകുക.
അതേസമയം ഗതാഗത നിയമലംഘനത്തിനുളള പിഴ അടയ്ക്കുന്നതില്‍ അബുദബി ഇളവ് പ്രഖ്യാപിച്ചിരുന്നു. രണ്ട് മാസത്തിനുളളില്‍ (അറുപത് ദിവസം) പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവും ഒരു വർഷത്തിനുളളില്‍ അടയ്ക്കുന്നവർക്ക് 25 ശതമാനം ഇളവും ലഭിക്കും.
അബുദബി സർക്കാരിന്‍റെ ഡിജിറ്റൽ ചാനലുകൾ വഴിയും, പോലീസിന്‍റെ ഉപഭോക്തൃ സേവനത്തിലൂടെയും നേരിട്ട് പണമടയ്ക്കാം. അഞ്ച് ബാങ്കുകളുമായി സഹകരിച്ച് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പിഴ അടയ്ക്കാന്‍ സാധിക്കുമെന്നും പോലീസ് വിശദീകരിച്ചു. അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി), അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), മഷ്രെഖ് അൽ ഇസ്ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് ബാങ്കുകള്‍. ബാങ്ക് സേവനം ലഭിക്കാൻ, ഡ്രൈവർമാർക്ക് ഈ ബാങ്കുകളിലൊന്ന് നൽകുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.