ഛത്തീസ്ഗഡില്‍ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഛത്തീസ്ഗഡില്‍ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ബിജെപി ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍.
ആക്രമണം നടത്തിയവര്‍ക്കെതിരേ ഉടന്‍ നടപടിയെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അക്രമണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

സംഭവത്തില്‍ ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്സായെ, അങ്കിത് നന്തി, അതുല്‍ നേതാം, ഡോമെന്ദ് യാദവ് തുടങ്ങിയവര്‍ അറസ്റ്റിലായി. ഇവരെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെല്ലാം പള്ളി തകര്‍ത്തതിലും പൊലീസിനെ ആക്രമിച്ചതിലും പ്രതികളാണ്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് നടന്ന പ്രതിഷേധത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും ക്രിസ്ത്യന്‍ പള്ളിക്കും പൊലീസിനും നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധവുമായെത്തിയവര്‍ ദേവാലയത്തിന് നേരെയും പൊലീസുകാര്‍ക്കു നേരെയും ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തില്‍ പത്തിലേറെ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച അക്രമികള്‍ മറ്റ് ഉദ്യോഗസ്ഥരേയും ആക്രമിച്ചു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിനു നേരെ ആക്രമണം.

പ്രതിഷേധക്കാര്‍ പള്ളിയിലെ യേശു ക്രിസ്തുവിന്റേയും മാതാവിന്റെയും ഉള്‍പ്പെടെയുള്ള തിരുസ്വരൂപങ്ങള്‍ തകര്‍ത്തു. ഞായറാഴ്ച നാരായണ്‍പൂര്‍ ജില്ലയിലെ എഡ്കയില്‍ മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് സമുദായങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ ആദിവാസി സംഘടനകള്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ഇരു വിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കസേരകളും കല്ലുകളും എടുത്തെറിയുകയുമായിരുന്നു.

അതിനിടെ എസ്എബിഎസ് കോണ്‍വെന്റിന് നേരെയും ആക്രമണമുണ്ടായി. കോണ്‍വെന്റിലെ സന്യാസിനിമാരെ പിന്നീട് മിഷന്‍ ആശുപത്രിയിലേക്കു മാറ്റി. അക്രമം നടക്കുമ്പോള്‍ സമീപത്തെ വിശ്വദീപ്തി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.

ഇവരെയും അധ്യാപകരെയും പോലീസ്  ഇടപെട്ടാണ്  സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ജഗദല്‍പൂര്‍ രൂപതയുടെ കീഴിലുള്ള പ്രധാന ദേവാലയങ്ങളിലൊന്നാണ് നാരായണ്‍പുരിലെ സേക്രഡ് ഹാര്‍ട്ട് പള്ളി. രണ്ടു വര്‍ഷം മുമ്പാണ് ദേവാലയം നിര്‍മിച്ചത്.

അതേസമയം നാരായണ്‍പുരിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയ്ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കുമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി.

സംഭവത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി റായ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. വിക്ടര്‍ ഹെന്റി ടാക്കൂര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ അക്രമം ഭയന്ന് പ്രദേശത്തു നിന്ന് നിരവധി ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.