ഫാ. ജോസഫ് മറ്റത്തില്‍ സീറോ മലബാര്‍ സഭാകാര്യാലയത്തില്‍ വൈസ് ചാന്‍സലര്‍

ഫാ. ജോസഫ് മറ്റത്തില്‍ സീറോ മലബാര്‍ സഭാകാര്യാലയത്തില്‍ വൈസ് ചാന്‍സലര്‍

കൊച്ചി: ഫാ. ജോസഫ് (പ്രകാശ്) മറ്റത്തിലിനെ സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ വൈസ് ചാന്‍സലറായി നിയമിച്ചു. ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജോസഫിനെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമിച്ചത്. ഫാ. ജോസഫ് മറ്റത്തില്‍ ജനുവരി മൂന്നിന് കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി ഉത്തരവാദിത്വം ഏറ്റെടുത്തു.

ചങ്ങനാശേരി അതിരൂപതയിലെ തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന ഇടവകയില്‍ മറ്റത്തില്‍ പി.എ മാത്യുവിന്റെയും എല്‍സമ്മയുടെയും മകനായി 1983 ലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദിക പരിശീലനം പൂര്‍ത്തിയാക്കി.

2011 ജനുവരി ഒന്നിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം അതിരമ്പുഴ ഫൊറോന ഇടവകയില്‍ അസി. വികാരിയായും അതിരൂപതാ കേന്ദ്രത്തില്‍ ഹൗസ് പ്രൊക്കുറേറ്റര്‍, ആര്‍ക്കിവിസ്റ്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ഉപരി പഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ട അദ്ദേഹം പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പൗരസ്ത്യ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

റോമിലെ ഉപരിപഠനത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം ചങ്ങനാശേരി അതിരൂപതയിലെ പുന്നമട സെന്റ് മേരീസ് ഇടവകയില്‍ വികാരിയായി സേവനം ചെയ്യുമ്പോഴാണ് സഭാ കേന്ദ്രത്തിലേക്ക് നിയമിതനാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.