ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന തുടരുന്നു; 48 സ്ഥാപനങ്ങള്‍ അടപ്പിച്ചു, 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന തുടരുന്നു; 48 സ്ഥാപനങ്ങള്‍ അടപ്പിച്ചു, 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും ഹോട്ടലുകളില്‍ വ്യാപകമായ പരിശോധന നടന്നു. 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളും ഉള്‍പ്പെടെ 48 എണ്ണം അടപ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.

വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തി. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കിയതായി വകുപ്പധികൃതര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.