ദില്ലി: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. പഞ്ചാബ്, ഹരിയാന, യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലേക്കു മാർച്ച് നടത്തുന്നുണ്ട്. എന്നാൽ പ്രതിഷേധക്കാർ ഡൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് - ഹരിയാന അതിർത്തിയും ഹരിയാന- ഡൽഹി അതിർത്തിയും അടച്ചിരിക്കുകയാണ്. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.
കൊടും തണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീകായാനുള്ള വസ്തുക്കളുമായാണ് കർഷകർ എത്തിയിരിക്കുന്നത്. ദില്ലിയിലേക്ക് കടക്കാൻ അനുവദിച്ചില്ലെങ്കിൽ എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ പറഞ്ഞു. 200 കർഷക യൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബ് - ഹരിയാന അതിർത്തിയിൽ വലിയ ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവച്ചത്. ബാരിക്കേഡുകൾ ട്രാക്ടർ വച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഹരിയാന, യുപി, ദില്ലി അതിർത്തി പ്രദേശങ്ങളിൽ സി ആർ പി എഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്. ബിഹാറിൽ പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയ്ക്കു മുന്നിൽ ധർണ നടത്തും. ജാർഖണ്ഡിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ കർഷകനിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഡിസംബർ 3-ന് കർഷകസംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കഴിഞ്ഞ മാസം സർക്കാർ ആദ്യഘട്ട ചർച്ച നടത്തിയത് പരാജയമായിരുന്നു. ഇതേത്തുടർന്നാണ് വൻ പ്രതിഷേധറാലിയ്ക്ക് കർഷകർ തയ്യാറായത്.
Photo credit: ANI
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.