വിവാഹം കഴിഞ്ഞാലും മകള്‍ മകള്‍ തന്നെയെന്ന് കര്‍ണാടക ഹൈക്കോടതി

 വിവാഹം കഴിഞ്ഞാലും മകള്‍ മകള്‍ തന്നെയെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: വിവാഹിതരായ ആണ്‍മക്കളെപ്പോലെ തന്നെ വിവാഹിതരായ പെണ്‍മക്കളും മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ മക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് കര്‍ണാടക ഹൈക്കോടതി.

സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് മാര്‍ഗ നിര്‍ദേശം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. വിവാഹിതനോ അവിവാഹിതനോ ആയാലും മകന്‍ മകനായി തുടരുന്നു. എങ്കില്‍ മകളും മകള്‍ തന്നെയാണന്ന് കോടതി പറഞ്ഞു.

വിവാഹം എന്ന പ്രവൃത്തി മകന്റെ നില മാറ്റുന്നില്ലെങ്കില്‍ അത് മകളുടെ പദവിയും മാറ്റില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജനുവരി രണ്ടിന് ഉത്തരവിട്ടിരുന്നു.

ഓപ്പറേഷന്‍ പരാക്രമിനിടെ 2001 ല്‍ ജീവന്‍ നഷ്ടമായ സുബേദാര്‍ രമേഷ് ഖണ്ഡപ്പയുടെ മകള്‍ പ്രിയങ്ക പാട്ടീലിന്റെ ഹരജിയിലാണ് കോടതി വിധി. സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചതിനെ തുടര്‍ന്ന് 2021 ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്.

വിവാഹിതയാണെന്ന കാരണം പറഞ്ഞാണ് പ്രിയങ്കയ്ക്ക് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചത്. മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍, ക്ഷേമ പദ്ധതികള്‍, അവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡാണിത്.

അച്ഛന്‍ മരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് 10 വയസായിരുന്നു പ്രായം. 2020 ല്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ സംവരണം ലഭിക്കാന്‍ ആശ്രിത കാര്‍ഡ് ഉപയോഗിക്കാന്‍ പ്രിയങ്ക ആഗ്രഹിച്ചു. എന്നാല്‍ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ഇത് നിഷേധിക്കുകയായിരുന്നു.

ഈ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.