കൊച്ചി: മെത്രാന്‍ സിനഡ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രതിഷേധങ്ങളില്‍ നിന്നും അതിരൂപതാംഗങ്ങളും മറ്റുള്ളവരും പിന്തിരിയണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തു നടന്ന സംഭവങ്ങള്‍ തികച്ചും വേദനാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭ മുഴുവനും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ വിഷയം ജനുവരി ഒന്‍പതിന് ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു സഭാപരമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പിതാക്കന്മാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കുമെന്ന് ഉറപ്പാണ്.
മെത്രാന്‍ സിനഡ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും സമരപ്രഖ്യാപനങ്ങളും ശ്രദ്ധയില്‍പ്പെട്ടു.
സിനഡ് സമ്മേളിക്കുന്ന ഈ സാഹചര്യത്തില്‍ എല്ലാവിധ പ്രതിഷേധ പ്രകടനങ്ങളില്‍നിന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളില്‍നിന്നും അതിരൂപതാംഗങ്ങളും മറ്റുള്ളവരും പിന്തിരിയണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്മാര്‍ക്കുവേണ്ടിയും സിനഡല്‍ ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരമാര്‍ഗ്ഗം രൂപപ്പെടുന്നതിനുവേണ്ടിയും തീഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാ സഭാമക്കളോടും അഭ്യര്‍ത്ഥിക്കുന്നു എന്നും കര്‍ദിനാള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.