കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ച സംഭവം: കാസര്‍കോട്ടെ ഹോട്ടല്‍ പൂട്ടിച്ചു; സംസ്ഥാനത്ത് വ്യാപക റെയിഡ്

കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ച സംഭവം: കാസര്‍കോട്ടെ ഹോട്ടല്‍ പൂട്ടിച്ചു; സംസ്ഥാനത്ത് വ്യാപക റെയിഡ്

കാസര്‍കോട്: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കുഴിമന്തി കഴിച്ച് 19 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. കാസര്‍കോഡ് കലക്ലായിലെ അഞ്ജു ശ്രീ പാര്‍വതിയാണ് മരിച്ചത്.

മേല്‍പറമ്പ് പൊലീസാണ് ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്.

ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തില്‍, അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശം നല്‍കി. ഹോട്ടലില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.