കിലൗയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ജാഗ്രത നിർദേശവുമായി അധികൃതർ

കിലൗയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ജാഗ്രത നിർദേശവുമായി അധികൃതർ

ഹവായ്: ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നായ ഹവായിയിലെ കിലൗയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. ഇതേ തുടർന്ന് അധികൃതർ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. ദിവസങ്ങൾക്ക് മുമ്പ് ഏത് നിമിഷവും പൊട്ടിത്തെറിയുണ്ടാകാമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ അമേരിക്കൻ ജിയോളജിക്കൽ സർവ്വേ ഹവായിലെ അഗ്നിപർവ്വത നിരീക്ഷണാലയത്തിന്റെ ജാഗ്രത നിർദേശത്തെ "വാച്ച്" എന്നതിൽ നിന്ന് "വാണിംഗ്" ആയി ഉയർത്തിയിട്ടുണ്ട്. ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണാലയം ഇവിടെ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

സ്ഫോടനങ്ങളുടെ പ്രാരംഭ ഘട്ടങ്ങൾ ചലനാത്മകമാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സ്‌ഫോടനം ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനത്തിലെ ഹലെമഉമാഉ ഗർത്തത്തിനുള്ളിലാണ്. ചിത്രങ്ങളിൽ അഗ്നിപർവ്വത ഗർത്തത്തിന്റെ അടിഭാഗത്തുള്ള വിള്ളലുകൾ ലാവാ പ്രവാഹം കാണിക്കുന്നുണ്ട്. കിലൗയ പൊട്ടിത്തെറിക്കാൻ തുടങ്ങിയതായി ചിത്രങ്ങൾ വ്യക്തമാക്കുന്നുവെന്ന് നിരീക്ഷണാലയം അറിയിച്ചു.


എല്ലാ ലാവ പ്രവർത്തനങ്ങളും ഹലെമഉമാഉ ഗർത്തത്തിനുള്ളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. പൊട്ടിത്തെറി പുരോഗമിക്കുന്നതിനനുസരിച്ച് അപകടങ്ങൾ വീണ്ടും വിലയിരുത്തപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ലാവ ഗർത്തത്തിൽ ഒതുങ്ങിയിരിക്കുകയാണെന്നും ഒരു സമൂഹത്തിനും ഭീഷണിയില്ലെന്നും ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയും അറിയിച്ചു.

2021 സെപ്‌റ്റംബർ മുതൽ കിലൗയയുടെ കൊടുമുടിയിലെ ഗർത്തത്തിനുള്ളിൽ ലാവ തടാകം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനത്തിന്റെ പൊതുകാര്യ സ്പെഷ്യലിസ്റ്റ് ജെസ്സിക്ക ഫെറാകേൻ വ്യക്തമാക്കി. അന്നുമുതൽ കിലൗയ തുടർച്ചയായി പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വിശദീകരിച്ചു.

2018 ൽ കിലൗയയിൽ ഉണ്ടായ വലിയ പൊട്ടിത്തെറിയിൽ 700 ഓളം വീടുകൾ നശിപ്പിക്കപ്പെട്ടിരുന്നു.


ഹവായ് അഗ്‌നിപർവ്വത ദേശീയ ഉദ്യാനത്തിനകത്തും പാർപ്പിട സമൂഹങ്ങളിൽ നിന്ന് അകലെയുമാണ് കിലൗയ സ്ഥിതി ചെയ്യുന്നത്. ഹവായ് ദ്വീപിലെ ഹൈപ്പർ ആക്ടീവ് ഷീൽഡിന്റെ ഭാഗവും ഏറ്റവും സജീവമായ അഞ്ച് അഗ്നിപർവ്വതങ്ങളിൽ ഒന്നുമാണ് കിലൗയ. 1200 മീറ്ററിൽ കൂടുതലാണ് ഈ അഗ്നിപർവ്വതത്തിന്റെ ഉയരം.

ഹവായിയുടെ തെക്കൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും സ്ഥിതിഗതികൾ മാറിയാൽ സ്‌ഫോടനം സമീപവാസികൾക്ക് ഭീഷണിയാകുമെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു. കിലൗയയ്ക്ക് സമീപമുള്ള മൗന ലോവ അഗ്നിപർവ്വതം അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു. 38 വർഷത്തിന് ശേഷമാണ് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.