ഭക്ഷണത്തിലും വര്‍ഗീയത; ഇനി കലോത്സവ പാചകത്തിനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

ഭക്ഷണത്തിലും വര്‍ഗീയത; ഇനി കലോത്സവ പാചകത്തിനില്ലെന്ന്  പഴയിടം മോഹനന്‍ നമ്പൂതിരി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഭക്ഷണത്തിന്റെ പേരില്‍ ഉയര്‍ന്ന പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നുവെന്നും മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നും പഴയിടം വ്യക്തമാക്കി.

കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷവിത്തുകള്‍ വാരിയെറിയുന്ന കാലമാണിത്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും തന്നെ മോശക്കാരനാക്കുന്ന രീതിയില്‍ അനാവശ്യമായ വിവാദങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്രകാലവും നിധിപോലെ നെഞ്ചിലേറ്റി നടന്നതാണ് കലോത്സവ നഗരിയിലെ അടുക്കളകള്‍. ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ബോധ്യമായി തുടങ്ങി. ചില പ്രതികരണങ്ങളുടെ പേരില്‍ മാത്രമല്ല വിടവാങ്ങുന്നത്. നമ്മുടെ സാത്വിക മനസിന് ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല ഇപ്പോള്‍ നടക്കുന്നത്.

ഭക്ഷണ ശീലങ്ങള്‍ മാറിമാറി വരുന്ന അടുക്കളകളില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുകൂടിയാണ് ഇനി കലോത്സവ ഊട്ടുപുരയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്നും പഴയിടം വ്യക്തമാക്കി.

ഇതുവരെ രണ്ടര കോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്. ആ സന്തോഷം മാത്രം മതി ഇനിയും തനിക്ക് ജീവിക്കാനെന്നും പഴയിടം പറഞ്ഞു. 2005 എറണാകുളം കലോത്സവം മുതല്‍ കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം.

സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പാത്തത് വലിയ വിവാദമായ സാഹചര്യത്തിലാണ് പഴയിടത്തിന്റെ പ്രതികരണം. അടുത്ത തവണ മുതല്‍ കലോത്സവ വേദിയില്‍ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങള്‍ക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.