കോട്ടയത്തെ നഴ്‌സിന്റെ മരണം ഭക്ഷ്യവിഷബാധയെന്ന് രാസപരിശോധനാ ഫലം; ഹോട്ടല്‍ ഉടമകളെ പ്രതി ചേര്‍ത്തു

കോട്ടയത്തെ നഴ്‌സിന്റെ മരണം ഭക്ഷ്യവിഷബാധയെന്ന് രാസപരിശോധനാ ഫലം; ഹോട്ടല്‍ ഉടമകളെ പ്രതി ചേര്‍ത്തു

കോട്ടയം: സംക്രാന്തി പാര്‍ക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ മെഡിക്കല്‍ കോളജിലെ നഴ്‌സ് മരിച്ച സംഭവം ഭക്ഷ്യ വിഷബാധയെന്ന് സ്ഥിരീകരിച്ചു. രാസപരിശോധനാ ഫലത്തിലാണ് നഴ്‌സ് രശ്മിയുടെ മരണം ഭക്ഷ്യ വിഷബാധയാണെന്ന് കണ്ടെത്തിയത്.

ഇതോടെ കേസില്‍ ഹോട്ടല്‍ ഉടമകളെ പൊലീസ് പ്രതി ചേര്‍ത്തു. ഒളിവിലുള്ള ഹോട്ടലുടമകള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടനെ അന്വേഷണസംഘത്തിന് കൈമാറും.

കഴിഞ്ഞ മാസം 29നാണ് രശ്മി ഓണ്‍ലൈനിലൂടെ പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ അവശയായ രശ്മിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

രശ്മിയുടെ മരണത്തില്‍ ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയ്ക്ക് കേസെടുത്താണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ 29ന് ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേര്‍ക്കാണ് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്‌തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവല്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.