ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം: നാല് വാര്‍ഡുകള്‍ അടച്ചു; ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം: നാല് വാര്‍ഡുകള്‍ അടച്ചു; ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ തീര്‍ഥാടന കേന്ദ്രമായ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. തീര്‍ത്തും അപകട മേഖലകളായ സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നീ നാല് വാര്‍ഡുകള്‍ അടച്ചു. ഇവിടെയുള്ളവരെ ഒഴിപ്പിച്ചു തുടങ്ങി. കെട്ടിടങ്ങളും ഭൂമിയും കൂടുതല്‍ വിണ്ടുകീറിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

അപകടസാധ്യത നേരിടുന്ന കെട്ടിടങ്ങളില്‍ ചുവപ്പ് അടയാളപ്പെടുത്തല്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

ബോര്‍ഡര്‍ മാനേജ്‌മെന്റ് സെക്രട്ടറിയും ദുരന്തനിവാരണ സേനയും പ്രദേശം സന്ദര്‍ശിക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കുന്നതില്‍ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.

ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ പരിസ്ഥിതി വിദഗ്ധര്‍, ദുരന്ത നിവാരണ അതോറിട്ടി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ, സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.