തിരുവനന്തപുരം: കടക്കെണിയിലായ കര്‍ഷകനെ സഹായിക്കുന്നതിനായി കര്‍ഷക കടാശ്വാസ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകൾ ഫയലിൽ ഉറങ്ങുന്നു. ശുപാര്‍ശ പ്രകാരം പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും 400 കോടി രൂപ സർക്കാർ നൽകാനുണ്ട്. നാല് വർഷം പിന്നിട്ടിട്ടും ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ലാത്തതിനാൽ വെട്ടിലായിരിക്കുകയാണ് കർഷകർ.
2018മുതല്‍ 2022 ഡിസംബർ വരെ നടത്തിയ സിറ്റിങ്ങില്‍നിന്ന് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍പ്രകാരം 400 കോടി രൂപ സംഘങ്ങള്‍ക്ക് കുടിശ്ശികയുണ്ട്. രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ ഒരുതുകയും സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.
സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തികപ്രതിസന്ധിയാണ് കാരണമായിപ്പറയുന്നത്. സര്‍ക്കാരിന്റെ പണം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ അവരുടെ ബാക്കിവിഹിതം അടച്ചാലും സംഘങ്ങള്‍ ആധാരങ്ങള്‍ വിട്ടുനല്‍കുന്നില്ല.
ഇടുക്കി, വയനാട് ജില്ലകളുടെ വായ്പാകാലാവധി 2018-ല്‍നിന്ന് 2020-ലേക്കും മറ്റുജില്ലകളിലേത് 2014-ല്‍നിന്ന് 2016-ലേക്കും ദീര്‍ഘിപ്പിച്ച് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇതുകാരണം ഒട്ടേറെ അപേക്ഷകള്‍ കമ്മിഷനുമുമ്പാകെ വന്നുകൊണ്ടിരിക്കുകയാണ്.
ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് പഴയ അപേക്ഷകള്‍ ഇനി തീര്‍പ്പാക്കാനുള്ളത്. മൂന്നുബെഞ്ചുകളായി തിരിഞ്ഞ് അറുനൂറോളം അപേക്ഷകളാണ് ഒറ്റ സിറ്റിങ്ങില്‍ തീര്‍പ്പാക്കുന്നത്. മാസം ശരാശരി 12 സിറ്റിങ്ങുകള്‍വരെ നടത്തുന്നുണ്ട്.
കടക്കെണിയിലായ കര്‍ഷകന്റെ വായ്പയില്‍ രണ്ടുലക്ഷം രൂപവരെയാണ് കമ്മിഷന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നത്. ബാക്കിത്തുക കര്‍ഷകന്‍ സംഘത്തില്‍ അടയ്ക്കണം.
കര്‍ഷക കടാശ്വാസ കമ്മിഷനിലെ ജീവനക്കാര്‍ക്ക് ഈമാസം ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. നാല്പതോളം ഉദ്യോഗസ്ഥരുണ്ട്. പന്ത്രണ്ടോളം ദിവസവേതനക്കാര്‍ ഒഴികെ മറ്റുള്ളവര്‍ മറ്റുവകുപ്പില്‍നിന്നും സെക്രട്ടേറിയറ്റിൽനിന്നും ഡെപ്യൂട്ടേഷനില്‍ വന്നതാണ്. ചെയര്‍മാനുപുറമേ ആറംഗങ്ങളാണ് കമ്മിഷനിലുള്ളത്. ഇവര്‍ക്കുള്ള സിറ്റിങ് ഫീസും യാത്രാബത്തയും മുടങ്ങിയിട്ടും ഒരുവര്‍ഷത്തിലേറെയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.