നഗരസഭാ കൗണ്‍സിലറുടെ വാഹനത്തില്‍ ലഹരിക്കടത്ത്; സിപിഎം അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് ഉടന്‍

നഗരസഭാ കൗണ്‍സിലറുടെ വാഹനത്തില്‍ ലഹരിക്കടത്ത്; സിപിഎം അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് ഉടന്‍

ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗണ്‍സിലറുടെ വാഹനത്തില്‍ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സിപിഎമ്മിന്റെ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ഷാനവാസിനെതിരെ നടപടിയുണ്ടായേക്കും.

ഇന്നലെ വൈകിട്ട് ചേര്‍ന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നല്‍കിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് കരുനാഗപ്പള്ളിയില്‍ വെച്ച് രണ്ട് ലോറികളലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്റര്‍ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. സിപിഎം സംസ്ഥാന നേതൃത്വം ഇത് ഗൗരവമായെടുത്തു. ഇന്നലെ നിശ്ചയിച്ച ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി യോഗത്തില് പങ്കെടുക്കാനും ഷാനവാസിന്റെ വിശദീകരണം തേടാനും ജില്ലാ സെക്രട്ടറി ആര്‍ നാസറിനോട് നേതൃത്വം ആവശ്യപ്പെട്ടു.

ഇടുക്കി സ്വദേശിയായ പുത്തന്‍ പുരയ്ക്കല്‍ ജയന്‍ എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്നും ലഹരി കടത്തില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് വിശദീകരണം. എന്നാല്‍ ഇത് തൃപ്തികരമല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി ജില്ലാ സെക്രട്ടിറിയേറ്റ യോഗം ചേരുമെന്നും ആര്‍ നാസര്‍ യോഗത്തെ അറിയിച്ചു. സാധാരണ ശനിയാഴ്ചയാണ് പ്രതിവാര സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഇത് വരെ കാത്ത് നില്‍ക്കാതെ ഉടന്‍ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം.

ഇതിനിടെ നഗരസഭയിലെ പ്രതിപക്ഷം വിഷയം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. ഷാനവാസ് രാജിവെയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.