തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും; ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ട: തരൂരിന് സതീശന്റെ മറുപടി

തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും; ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ട: തരൂരിന് സതീശന്റെ മറുപടി

തിരുവനന്തപുരം: ശശി തരൂര്‍ എം.പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സതീശന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തില്‍ അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കണം.

സ്ഥാനാര്‍ത്ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയ്ക്ക് വിധേയരായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തില്‍ ഇനി മുതല്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.മുരളീധരനും സമാന പ്രതികരണം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പില്‍ വടകരയില്‍ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് കെ.മുരളീധരന്‍ പ്രകടിപ്പിച്ചത്. തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

കെ.സുധാകരന്‍ മത്സരത്തിനില്ലെന്നും അറിയിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് വി.ഡി സതീശന്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.