ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ടൂറിസ്റ്റ് ബസ് ഓടിക്കുന്നത് തടയണം: കര്‍ശന നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ടൂറിസ്റ്റ് ബസ് ഓടിക്കുന്നത്  തടയണം: കര്‍ശന നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ക്രിമിനലുകളായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ക്ക് മൂക്കുകയറിടാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് ശിക്ഷിക്കപ്പെട്ടവരുമായ ഡ്രൈവര്‍മാര്‍ കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍ ഓടിക്കുന്നത് കര്‍ശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയും നിയന്ത്രണവും കാര്യക്ഷമമായി നടത്താതെ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവാദിത്തം ആണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. പാലക്കാട് വടക്കാഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

സ്‌കൂള്‍, കോളജ് വിനോദ യാത്രകള്‍ക്ക് രൂപമാറ്റം വരുത്താത്ത വാഹനങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കമ്മിഷനെ അറിയിച്ചു. വിനോദയാത്രയുടെ വിവരം ആര്‍.ടി.ഒയെ അറിയിക്കണം. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാന്‍ എക്സൈസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

വിനോദയാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടില്ലെന്നും ഇവരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്നും ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.