ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആറിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം വീണ്ടും ഇന്ത്യയില്‍. എ.ആര്‍ റഹ്മാനു ശേഷം ആദ്യമായിട്ടാണ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് രാജമൗലി ചിത്രമായ ആര്‍ആര്‍ആറിന്റെ നേട്ടം. ചിത്രത്തില്‍ എം.എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം.
കടുത്ത മത്സരത്തിനൊടുവിലാണ് ഗാനം പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആര്‍ റഹ്മാന്‍ പുരസ്‌കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു.
രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങള്‍ ഒരുക്കിയ, തല മുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്.
മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്എസ് രാജമൗലിയും അമ്മാവന്‍ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം.
20 ട്യൂണുകളില്‍ നിന്നും ആര്‍ആര്‍ആര്‍ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന നാട്ടുവിലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍. രാഹുല്‍ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയില്‍ കീരവാണിയുടെ മകന്‍ കാലഭൈരവനും.
90കളില്‍ തെലുങ്ക് സംഗീതജ്ഞന്‍ കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.