നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീണ്‍ റാണ അറസ്റ്റില്‍; പിടികൂടിയത് പൊള്ളാച്ചിയില്‍ നിന്ന്

നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീണ്‍ റാണ അറസ്റ്റില്‍; പിടികൂടിയത് പൊള്ളാച്ചിയില്‍ നിന്ന്

കൊച്ചി: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ (കെ.പി. പ്രവീണ്‍-36) പിടിയിലായി. തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച് കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇയാള്‍ കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായതെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണ്‍ റാണയെ തേടി കൊച്ചിയിലുണ്ടായിരുന്നു. കൊച്ചി സിറ്റി പൊലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ പരിശോധന. എറണാകുളത്ത് ഇയാള്‍ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്ളാറ്റില്‍ പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ മറ്റൊരു ലിഫ്റ്റില്‍ പുറത്തു കടന്ന് രക്ഷപെടുകയായിരുന്നു.

ഫ്ളാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ചാലക്കുടിയില്‍ വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇയാള്‍ ഇറങ്ങിയതായാണ് സംശയം.

റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേഷന്‍ മേധാവി വെളുത്തൂര്‍ സ്വദേശി സതീഷിനെ പാലാഴിയിലെ വീട്ടില്‍നിന്ന് പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. റാണ രഹസ്യമായ നടത്തിയ നിക്ഷേപത്തിന്റെ രേഖകള്‍ ഇയാള്‍ താമസിച്ചിരുന്ന പാലാഴിയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. റാണ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന ആദ്യത്തെ അറസ്റ്റായിരുന്നു സതീഷിന്റേത്.

പ്രവീണ്‍ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 100 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണു സൂചന. അവിടങ്ങളിലെ ഡാന്‍സ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം.

പ്രവീണിന് കൊച്ചിയില്‍ വന്‍ സാമ്പത്തിക ഇടപാടുകളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ വിവാദമായ ഒരു ബാര്‍ ഹോട്ടലില്‍ അടക്കം ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നാണ് സൂചന. പുണെയില്‍ ഡാന്‍സ് ബാറുമുണ്ട്. ഡ്യൂപ്ലക്സ് ഫ്ളാറ്റുകളടക്കം സ്വന്തമായുണ്ട്. ഇതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫ്ളാറ്റ് പരിസരത്ത് കിടന്നിരുന്ന റാണയുടെ രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

പ്രവീണ്‍ 'സേഫ് ആന്‍ഡ് സ്ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.