വയോധികയെ കബളിപ്പിച്ചു സ്ഥലവും സ്വർണവും തട്ടിച്ച സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി

വയോധികയെ കബളിപ്പിച്ചു സ്ഥലവും സ്വർണവും തട്ടിച്ച സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന 78 വയസുള്ള വയോധികയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തതിന് സിപിഎം കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും എതിരെ കേസ്. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനും എതിരെയാണ് പരാതി.

സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടെ വയോധികയുടെ വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. മാരായമുട്ടം പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് അവിവാഹിതയായ ബേബി ഒറ്റയ്ക്കായത്. ഇത് മനസ്സിലാക്കിയ സുജിന്‍ 2021 ഫെബ്രുവരിയില്‍ ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. 

അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്‍റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതിൽ പലതും പണയം വെച്ചു. ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും വീട്ടിൽ നിന്ന് പോയി. പിന്നെ തിരികെ വന്നില്ല. 

സൗഹൃദത്തിന്റെ മറവിൽ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ച് പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റിയയെന്നതാണ് ബേബിയുടെ മറ്റൊരു പരാതി. ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേർന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു. പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. 

നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സുജിന്‍റെ രാഷ്ട്രീയ സ്വാധീനം കാരണം ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും വയോധിക പറയുന്നുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം വ്യാജമെന്ന് സുജിന്‍ പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.