തിരുവനന്തപുരം: ഭൂ പതിവ് നിയമ ഭേദഗതിയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘതങ്ങള്‍ക്ക് കാരണമാകുന്ന വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം. പട്ടയ ഭൂമിയില്‍ ക്വാറികള്‍ അടക്കം പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുങ്ങുന്നതാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഭേദഗതിയെന്ന വാദമാണ് ഉയരുന്നത്.
പട്ടയ ഭൂമിയില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്നതിനൊപ്പം ഫീസ് അടച്ചാല്‍ പുതിയ നിര്‍മാണങ്ങള്‍ക്കുള്ള അനുമതിയും ഭേദഗതിയില്‍ കൊണ്ടുവരാനാണ് നീക്കം.
കാലങ്ങളായി ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഭൂവിനിയോഗ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. എന്തിന് അനുവദിച്ചോ ആ ആവശ്യത്തിന് മാത്രമായി ഭൂവിനിയോഗം എന്ന അവസ്ഥ മാറി പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാന്‍ ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമഭേദഗതി.
പട്ടയഭൂമിയിലുള്ള 1500 സ്വയര്‍ ഫീറ്റില്‍ താഴെയുള്ള കെട്ടിടങ്ങള്‍ ഉപാധികളില്ലാതെയും അതിന് മുകളിലുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്ന ഫീസ് വാങ്ങിയും ക്രമപ്പെടുത്താനാണ് തീരുമാനം. ഇതില്‍ തന്നെ പ്രത്യേകിച്ചൊരു സമയപരിധി വയ്ക്കാതെയാണ് നിയമഭേദഗതി നിലവില്‍ വരുന്നത്.
നിലവില്‍ നിര്‍മാണം നടക്കാത്ത പട്ടയ ഭൂമിയും അപേക്ഷ നല്‍കിയാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സാധ്യത കൂടി നിയമ ഭേദഗതിയില്‍ ഉണ്ടാകുമെന്നാണ് വിവരം. കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്തി നല്‍കുന്നുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ അടക്കം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി കിട്ടുമെന്ന് മാത്രമല്ല ഭാവിയില്‍ ഇനിയും അനുവദിക്കാനുള്ള സാധ്യത കൂടിയാണ് സര്‍ക്കാര്‍ തുറന്നിടുന്നത്. അങ്ങനെ എങ്കില്‍ വയനാട്ടിലെയും ഇടുക്കിയിലേയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും നിയമഭേദഗതി വഴിവയ്ക്കും.
അനുമതിക്കായി ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി ഈമാസം അവസാനം സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. കോടതി ആവശ്യം തള്ളിയാലും സംസ്ഥാനത്ത ഭേദഗതി ക്വാറിക്കാര്‍ക്ക് തുണയാകും.
ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളുടെ മറപറ്റി കേരളമാകെ പ്രത്യാഘാതമുണ്ടാക്കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.