കേരളാ താരങ്ങള്‍ക്ക് എന്തുകൊണ്ട് സൗകര്യം ഒരുക്കിയില്ല; ഫാത്തിമ നിദയുടെ മരണത്തില്‍ ഇടപെടലുമായി ഹൈകോടതി

കേരളാ താരങ്ങള്‍ക്ക് എന്തുകൊണ്ട് സൗകര്യം ഒരുക്കിയില്ല; ഫാത്തിമ നിദയുടെ മരണത്തില്‍ ഇടപെടലുമായി ഹൈകോടതി

കൊച്ചി: സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയുടെ മരണത്തില്‍ ഇടപെടലുമായി ഹൈകോടതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കിയെങ്കില്‍ എന്തു കൊണ്ട് കേരളത്തില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്ന് ഹൈകോടതി ചോദിച്ചു.

കോടതിയില്‍ നേരിട്ടു ഹാജരായ സൈക്കിള്‍ പോളോ ഫെഡറേഷന്‍ ദേശീയ സെക്രട്ടറിയോടാണ് ഇക്കാര്യം ആരാഞ്ഞത്. ഫാത്തിമ അടക്കമുള്ള സംഘത്തിന് വെള്ളവും ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നുവെന്നും താമസസൗകര്യം സംഘം നിരസിച്ചെന്നും സെക്രട്ടറി കോടതിയെ അറിയിച്ചു.

ഫാത്തിമ നിദയുടെ മരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് നേരത്തെ പരിഗണിക്കവെയാണ് ഫെഡറേഷന്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹൈകോടതി ഉത്തരവിട്ടത്. അതേസമയം സൈക്കിള്‍ പോളോ ഫെഡറേഷന്റെ വിശദീകരണത്തെ സൈക്കിള്‍ പോളോ കേരള അസോസിയേഷന്‍ എതിര്‍ത്തു. ഒരു തരത്തിലുമുള്ള സൗകര്യങ്ങളും ഫെഡറേഷന്‍ ഒരുക്കിയില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

28 സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഉള്‍പ്പെടുന്ന വലിയ മേളയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഫെഡറേഷന്‍ പരാജയപ്പെട്ടു. കേരളത്തില്‍ നിന്ന് കോടതി ഉത്തരവ് നേടിയെത്തിയ സംഘമെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ ഉള്‍പ്പെടുന്ന സംഘത്തെ മാറ്റിനിര്‍ത്തി. താമസസൗകര്യം നിഷേധിച്ചു കൊണ്ടുള്ള ഫെഡറേഷന്‍ അധികൃതരുടെ ഓഡിയോ സന്ദേശമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജിയില്‍ വിശദമായി സത്യവാങ്മൂലം ഈ മാസം 16ന് സമര്‍പ്പിക്കാന്‍ ഫെഡറേഷന് ഹൈകോടതി നിര്‍ദേശം നല്‍കി. ജനുവരി 23ന് കേസ് വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.