രണ്ടാം ഏകദിനത്തിലും ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ഏകദിനത്തിലും ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് വിജയം. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.

കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ വിജയശില്‍പ്പി. രാഹുല്‍ 103 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെ അകമ്പടിയോടെ 64 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പതര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. അഞ്ചാം ഓവറില്‍ 17 റണ്‍സെടുത്ത രോഹിത്ത് പവലിയനിലേക്ക് മടങ്ങിയതോടെ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ തകരുന്ന കാഴ്ചയ്ക്കാണ് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായത്.

രോഹിത്തിന് പിന്നാലെ 21 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ലാഹിരു കുമാര ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന വിരാട് കോലിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സ് മാത്രമെടുത്ത കോലിയെ ലാഹിരു കുമാര ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 62 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ്സ് അയ്യരും കെ.എല്‍. രാഹുലും ചേര്‍ന്ന് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ശ്രേയസ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കസുന്‍ രജിത ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിച്ചു.

എന്നാല്‍ ആറാമനായി ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. പാണ്ഡ്യയും രാഹുലും വളരെ സൂക്ഷിച്ചാണ് ബാറ്റുവീശിയത്. മോശം പന്തുകള്‍ മാത്രം പ്രഹരിച്ച് ഇരുവരും ടീം സ്‌കോര്‍ 150 കടത്തി. ടീം സ്‌കോര്‍ 161-ല്‍ നില്‍ക്കെ പാണ്ഡ്യയുടെ നിര്‍ണായക വിക്കറ്റ് നേടിക്കൊണ്ട് ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചുവന്നു.

53 പന്തുകള്‍ നേരിട്ട പാണ്ഡ്യ 36 റണ്‍സുമായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക പരന്നു. എന്നാല്‍ മറുവശത്ത് നിലയുറപ്പിച്ച രാഹുല്‍ അനായാസം ബാറ്റുവീശി. പകരക്കാരനായി വന്ന അക്ഷര്‍ പട്ടേലും നന്നായി കളിച്ചു. 42-ാം ഓവറില്‍ കുല്‍ദീപിന്റെ ബൗണ്ടറിയിലൂടെ ഇന്ത്യ 200 കടന്നു. പിന്നാലെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിക്കൊണ്ട് രാഹുല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കുല്‍ദീപ് യാദവ് 44-ാം ഓവറിലെ രണ്ടാം പന്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വിജയറണ്‍ കുറിച്ചു. കുല്‍ദീപ് പത്ത് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാരയും ചമിക കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കസുന്‍ രജിതയും ധനഞ്ജയ ഡി സില്‍വയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിഡു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് പൊരുതിയ ദുനിത് വെല്ലാലാഗെ ടീം സ്‌കോര്‍ 200 കടക്കുന്നതിന് സഹായിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.