ആർട്ടിക് സ്വീഡനിൽ അപൂർവ ലോഹങ്ങളുടെ വൻ ശേഖരം

ആർട്ടിക് സ്വീഡനിൽ അപൂർവ ലോഹങ്ങളുടെ വൻ ശേഖരം

സ്റ്റോക്ക്ഹോം: മൊബൈൽ ഫോണുകളിൽ മുതൽ മിസൈലുകളിൽ വരെ ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങളുടെ യൂറോപ്പിലെ ഏറ്റവും വലിയ നിക്ഷേപം സ്വീഡനിൽ കണ്ടെത്തി. യൂറോപ്പിൽ ഇപ്പോൾ അപൂർവ മൂലകങ്ങൾ അഥവാ അപൂർവ ലോഹങ്ങളൊന്നും ഖനനം ചെയ്യപ്പെടുന്നില്ല.

അപൂർവ ലോഹങ്ങൾക്കായി യൂറോപ്യൻ യൂണിയൻ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ കണ്ടെത്തലിനെ ഒരു സ്വീഡിഷ് മന്ത്രി വിശേഷിപ്പിച്ചത്. 2021 ൽ യൂറോപ്യൻ യൂണിയനിൽ ഉപയോഗിച്ചിരുന്ന ഇത്തരം മൂലകങ്ങളുടെ 98 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾക്കും കാറ്റാടി യന്ത്രങ്ങൾക്കും ആവശ്യക്കാർ ഏറുമെന്ന പ്രതീക്ഷയിൽ ഹരിത സംക്രമണത്തിന് ഈ കണ്ടെത്തൽ "നിർണ്ണായക ഘടകമായി" കണക്കാക്കപ്പെടുന്നു. സ്വീഡന്റെ വടക്കുഭാഗത്ത് ഇപ്പോൾ പത്തുലക്ഷത്തിലധികം ടൺ അപൂർവ മൂലകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

കണ്ടെത്തൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ കണക്കനുസരിച്ച് ലോകത്തിലെ 120 ദശലക്ഷം ടൺ കരുതൽ ശേഖരത്തിന്റെ ഒരു ഭാഗമാണിത്.

അപൂർവ മൂലകങ്ങൾ എന്ന പദം 17 ഘടകങ്ങളുടെ ഒരു കൂട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ലാന്തനം (മൂലകം 57), ആക്റ്റിനിയം (മൂലകം 89) തുടങ്ങിയവയെല്ലാം അപൂർവ മൂലകങ്ങൾ എന്നാണ് അറിയപ്പെടുന്നത്.


അവ ദൈനംദിന ജീവിതത്തിൽ കൂടുതൽ പ്രാധാന്യമുള്ള ഉൽപ്പന്നങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയുള്ള വസ്തുക്കളും നിർമിക്കാൻ ഉപയോഗിക്കുന്നു. മൊബൈലുകളിലും ഹാർഡ് ഡ്രൈവുകളിലും ട്രെയിനുകളിലും ഇവ കാണാവുന്നതാണ്.

മാത്രമല്ല കാറ്റാടിയന്ത്രങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹരിത സാങ്കേതികവിദ്യയ്ക്കും അവ പ്രധാനമാണ്. മിസൈൽ മാർഗനിർദ്ദേശ സംവിധാനങ്ങൾ പോലുള്ള സൈനിക ഉപകരണങ്ങൾക്കും ഇവയിൽ ചിലത് അത്യാവശ്യമാണ്.

അതേസമയം ഈ മൂലകങ്ങൾ വേർതിരിച്ചെടുക്കുന്നത് ബുദ്ധിമുട്ടുള്ളതും പരിസ്ഥിതിക്ക് ഹാനികരമാകാൻ സാധ്യതയുള്ളതുമാണ്. 2030 ഓടെ ഇവയുടെ ആവശ്യം അഞ്ചിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

"ലിഥും അപൂർവ മൂലകങ്ങളും ഉടൻ തന്നെ എണ്ണ, വാതകം എന്നിവയേക്കാൾ പ്രധാന്യമുള്ളതാകും" എന്ന് യൂറോപ്യൻ യൂണിയന്റെ ഇന്റേണൽ മാർക്കറ്റ് കമ്മീഷണർ തിയറി ബ്രെട്ടൺ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

യൂറോപ്യൻ യൂണിയൻ "ഈ സാമഗ്രികൾക്കായി മറ്റ് രാജ്യങ്ങളെ വളരെയധികം ആശ്രയിക്കുന്നു" എന്നും ഇതിന് ഒരു മാറ്റം ആവശ്യമാണെന്നും കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സ്വീഡിഷ് ഊർജ മന്ത്രി എബ്ബാ ബുഷ് വ്യക്തമാക്കി.

"വൈദ്യുതീകരണം, യൂറോപ്യൻ യൂണിയന്റെ സ്വയംപര്യാപ്തത, റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സ്വാതന്ത്ര്യം എന്നിവ ഈ ഖനിയിൽ നിന്നും ആരംഭിക്കും"എന്ന് അവർ കൂട്ടിച്ചേർത്തു.

പുതുതായി കണ്ടെത്തിയ അസംസ്‌കൃത വസ്തുക്കൾ 10 മുതൽ 15 വർഷം വരെ വിപണിയിൽ എത്തിയേക്കില്ലെന്ന് എൽകെഎബി മൈനിംഗ് കമ്പനിയുടെ സിഇഒ ജാൻ മോസ്‌ട്രോം പറഞ്ഞു. പാരിസ്ഥിതിക അപകടസാധ്യത വിലയിരുത്തേണ്ടതിനാൽ അനുമതി പ്രക്രിയകൾക്ക് സമയമെടുക്കും.

എന്നാൽ "യൂറോപ്പിൽ ഇത്തരത്തിലുള്ള അസംസ്‌കൃത വസ്തുക്കളുടെ ഖനനം വർധിപ്പിക്കേണ്ടതിന്" ഈ അനുമതി പ്രക്രിയകൾ വേഗത്തിലാക്കാൻ മോസ്‌ട്രോം അധികാരികളോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.