ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റുന്നത് പരിഗണനയില്‍; 27 ഏക്കര്‍ സ്ഥലം കണ്ടെത്തി

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റുന്നത് പരിഗണനയില്‍; 27 ഏക്കര്‍ സ്ഥലം കണ്ടെത്തി

കൊച്ചി: കേരള ഹൈക്കോടതി കെട്ടിടം കൊച്ചിയില്‍ നിന്ന് മാറ്റുന്ന കാര്യം പരിഗണനയില്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കളമശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി. മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേതാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സ്ഥലം ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി.ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ എന്നിവര്‍ നേരിട്ട് എത്തി പരിശോധിച്ചു.

മംഗള വനത്തിന് സമീപത്തെ ഹൈക്കോടതി സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പടെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ വിശദീകരിച്ചിരുന്നു.

ഹൈക്കോടതിക്ക് പുറമെ, മീഡിയേഷന്‍ സെന്റര്‍ ഉള്‍പ്പടെ രാജ്യാന്തര തലത്തില്‍ ഉള്ള സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതി ഭരണ സമിതിയാണ്. സമിതിയുടെ തീരുമാനം ഉണ്ടായാല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.